കൊച്ചി: നാലു വർഷത്തെ ഇടവേളയിൽ രണ്ട് മുഖ്യമന്ത്രിമാർ ശിലാസ്ഥാപനം നടത്തി പണി തുടങ്ങിയെങ്കിലും കൊച്ചി കാൻസർ സെന്ററിനുവേണ്ടിയുള്ള കെട്ടിട നിർമ്മാണം പൂർത്തിയാകാതെ സെന്ററിന്റെ പ്രവർത്തനം ഇപ്പോഴും താത്കാലിക സംവിധാനത്തിൽ. കളമശേരി ഗവ. മെഡിക്കൽ കോളേജ് വളപ്പിലെ ഒരു കെട്ടിടത്തിൽ 2016 നവംബറിലാണ് പരിമിതമായ സൗകര്യങ്ങളോടെ സെന്റർ പ്രവർത്തനം തുടങ്ങിയത്. ആകെയുള്ളത് ഒരു ഓപ്പറേഷൻ തിയേറ്റർ. ഡോക്ടർമാരുടെ സേവനസന്നദ്ധതയിൽ കുറവുകൾ അറിയാതെ പ്രവർത്തനം മുന്നോട്ടുനീങ്ങുന്നുണ്ടെന്നത് രോഗികൾക്ക് ആശ്വാസം.

മദ്ധ്യകേരളത്തിലെ കാൻസർ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റർ അനുവദിച്ചത്. 2014 ആഗസ്റ്റ് 18ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കെട്ടിടത്തിനുവേണ്ടി ആദ്യ തറക്കല്ലിട്ടത്. രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. കരാർ നൽകിയെങ്കിലും നിർമ്മാണം അനിശ്ചിതമായി നീണ്ടു. 2018 മേയ് 20ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തറക്കല്ലിട്ടു. രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു അപ്പോഴത്തെയും വാഗ്ദാനം എന്നാൽ 40 ശതമാനം പണി മാത്രമാണ് ഇതുവരെ പൂർത്തിയായത്. നിർമ്മാണക്കമ്പനി പണികൾ വൈകിക്കുകയും ഗുണനിലവാരം പാലിക്കാതിരിക്കുകയും ചെയ്തതോടെ കരാർ റദ്ദാക്കേണ്ടിവന്നിരുന്നു. പുതിയ കരാർ നൽകിയെങ്കിലും ആദ്യകരാറുകാരൻ നൽകിയ ഹർജി തീർപ്പായിക്കഴിഞ്ഞ സെപ്തംബറിലാണ് പണി പുനരാരംഭിച്ചത്.