
കൊച്ചി: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ നടത്തിയ പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി തേടി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്‌പതി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി. വ്യക്തികൾക്കെതിരായ കോടതിയലക്ഷ്യ നടപടികൾക്ക് എ.ജിയുടെ അനുമതി വേണമെന്ന് നിയമ വ്യവസ്ഥയുണ്ട്.
സഹോദരന്റെ ഭാര്യയെ എം.ജി സർവകലാശാലാ വി.സിയാക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് കേരള സർക്കാരിനോടു വില പേശിയെന്നും ഐസ്ക്രീം പാർലർ കേസിൽ കോഴ വാങ്ങിയാണ് വിധി പറഞ്ഞതെന്നും ജലീൽ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. ഐസ്ക്രീം പാർലർ കേസിൽ വിധി പറഞ്ഞത് അന്നത്തെ ചീഫ് ജസ്റ്റിസ് സുഭാഷൺ റെഡ്‌ഢിയാണെന്നും, അദ്ദേഹത്തെയും ഹൈക്കോടതിയെയും അപമാനിക്കുന്ന തരത്തിലുള്ള ജലീലിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും അപേക്ഷയിൽ പറയുന്നു.