
കൊച്ചി: വേനൽ കനക്കുന്നതോടെ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാവുകയാണ്. എല്ലാ വിധ പാമ്പുകളെയും ഒരു ക്ലിക്കിൽ അറിയാൻ അവസരമൊരുക്കുകയാണ് സ്നേക്ക് പീഡിയ എന്ന ആപ്പ്. കേരളത്തിൽ കണ്ടുവരുന്ന വിവിധയിനം പാമ്പുകൾ, അവയെ കാണാൻ സാദ്ധ്യതയുള്ള ചുറ്റുപാടുകൾ, പാമ്പിന്റെ സ്വഭാവം എന്നിവയൊക്കെ സവിസ്തരം പ്രതിപാദിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് സ്നേക്ക്പീഡിയ. വേനൽക്കാലത്ത് വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ പാമ്പുകളെ കാണാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ ആശങ്കയില്ലാതെ അടിയന്തിരമായി സ്വീകരിക്കേണ്ട മുൻകരുതലുകളും വിഷപാമ്പുകളെ കൈകാര്യം ചെയ്യേണ്ട രീതിയും മനസിലാക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. കേരളത്തിലെ പ്രഗത്ഭരായ പരിസ്ഥിതി ശാസ്ത്രജ്ഞർ, ഗവേഷകർ, ഡോക്ടർമാർ എന്നിവരുടെ കൂട്ടായ്മാണ് സ്നേക്ക് പീഡിയ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ഇവരുടെ പേരും ചിത്രങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടിലേക്കുള്ള ലിങ്കും ആപ്പിൽ ലഭ്യമാണ്. സംശയനിവാരണത്തിന് ഇതിൽ ആരുമായും സംവദിക്കാവുന്നതാണ്.
ആപ്പിലെ 
വിവരങ്ങൾ
അക്ഷരമാല ക്രമത്തിൽ പാമ്പുകളുടെ പേര്, അവയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ, അപകടകാരികളായവ, അപകടകാരിയല്ലാത്തവ, കാഴ്ചയിൽ സാമ്യമുള്ള അപരന്മാർ, എളുപ്പത്തിൽ തിരിച്ചറിയാനുള്ള ടിപ്സ്, വിദഗ്ദ്ധരുമായി ആശയവിനിമയം ചെയ്യാനുള്ള ലിങ്ക്, പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശിശ്രൂഷ, വിഷചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ, വിഷചികിത്സ രീതികൾ, പാമ്പുകളെകുറിച്ചുള്ള ശാസ്ത്രീയ വിവരണം, കെട്ടുകഥകളും അന്ധവിശ്വാസങ്ങളും, വനംവന്യജീവി വകുപ്പിന്റെ പരിശീലനം സിദ്ധിച്ച പാമ്പ് രക്ഷകരുടെ (പാമ്പ് പിടിത്തക്കാർ) പേരും ഫോൺ നമ്പരും ജില്ല തിരിച്ചുള്ള വിവരം, കേരളത്തിലെ പാമ്പുകളുടെ പട്ടിക, അവയുടെ ആവാസസ്ഥലം എന്നിങ്ങനെ പാമ്പിനെകുറിച്ച് അറിയേണ്ടതെല്ലാം ഇംഗ്ലീഷിലും മലയാളത്തിലും സചിത്ര വിവരണമുണ്ട്. വായിച്ചുമനസിലാക്കാൻ പ്രയാസമുള്ളവർക്കുവേണ്ടി ശബ്ദരേഖയായും ആപ്പിൽ നൽകിയിട്ടുണ്ട്.