
കൊച്ചി: പത്ത് രൂപയ്ക്ക് ഊണു വിളമ്പി ശ്രദ്ധ നേടിയ സമൃദ്ധി @ കൊച്ചിയിൽ അത്താഴവും തയ്യാറാകുന്നു. അടുത്ത മാസം മുതൽ അത്താഴം ലഭിച്ചുതുടങ്ങും. ചപ്പാത്തി, വെജിറ്റബിൾ കറി എന്നിവയുമാണ് അത്താഴത്തിന് ആരംഭം കുറിക്കുന്നത്. നോൺ വെജ് പ്രേമികൾക്കായ് മുട്ടക്കറി, ചിക്കൻ എന്നിവയും പരിഗണനയിലുണ്ട്. ലിബ്ര ഹോട്ടൽ അടുത്ത മാസം ഷീ ലോഡ്‌ജിനായി തുറന്നുകൊടുക്കും. രാത്രി ഭക്ഷണത്തിന് ആവശ്യക്കാരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അത്താഴത്തിനുള്ള പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നത്.
 രണ്ട് ചപ്പാത്തി യൂണിറ്റ്
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ലഭിച്ച 30 ലക്ഷം രൂപയാണ് കോർപ്പറേഷൻ കുടുംബശ്രീയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത്. രണ്ട് ചപ്പാത്തി നിർമ്മാണ മെഷീനുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ജയിലിൽ ഉപയോഗിക്കുന്ന തരം മെഷിനാണ് പരിഗണനയിൽ. ഒരെണ്ണം സമൃദ്ധിയിലേക്ക് ഉപയോഗിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ പരിധിയിൽ മറ്റൊരു ചപ്പാത്തി യൂണിറ്റ് കൂടി ആരംഭിക്കും.
 ടോക്കൺ തുടങ്ങുന്നു
ലിബ്ര ഹോട്ടലിലെ പതിവുകാർക്കായി കോർപ്പറേഷൻ ടോക്കൺ സമ്പ്രദായം ആരംഭിക്കും. പത്തു രൂപയുടെ ടോക്കൺ നൽകിയാൽ ക്യു നിൽക്കാതെ ഉൗണു കഴിച്ചു മടങ്ങാം. നീണ്ട ക്യൂവിനെക്കുറിച്ച് പരാതി പറയുന്ന സ്ഥിരം ഉപഭോക്താക്കൾക്കായി 300, 500 രൂപയുടെ കൂപ്പണുകളാണ് കോർപ്പറേഷൻ അവതരിപ്പിക്കുന്നത്. അതേസമയം പാഴ്സലിന് അഞ്ചു രൂപ അധികം നൽകണം.
 ചപ്പാത്തി ജനകീയ ഹോട്ടലുകളിലും
കുടുംബശ്രീ യൂണിറ്റുകൾ ഉണ്ടാക്കുന്ന ചപ്പാത്തികൾ ജനകീയ ഹോട്ടലുകളിലൂടെ വില്പന നടത്താനാണ് ആലോചിക്കുന്നത്. ഓരോ യൂണിറ്റിനും 15 ലക്ഷം രൂപ വീതം നൽകും. ചപ്പാത്തി മേക്കർ വാങ്ങുന്ന മുറയ്ക്ക് കുടുംബശ്രീ പ്രവർത്തകർക്ക് ചപ്പാത്തിയുണ്ടാക്കാനുള്ള പരിശീലനം നൽകും.
ഷീബാലാൽ
ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ
 കൂടുതൽ പേർക്ക് തൊഴിൽ
കാൽ നൂറ്റാണ്ടോളമായി ലിബ്ര ഹോട്ടലിൽ നിന്ന് കോർപ്പറേഷന് യാതൊരു വരുമാനവും ലഭിക്കുന്നില്ല. പത്തു രൂപ ഉൗണു പദ്ധതിക്ക് ദേശീയശ്രദ്ധ ലഭിച്ചു. ലാഭത്തിന്റെ കാര്യത്തിൽ പഴയ നില തുടരുന്നു. അതേസമയം 30 കുടുംബശ്രീ പ്രവർത്തകർക്ക് സ്ഥിര വരുമാനം നൽകാൻസംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.
എം. അനിൽകുമാർ
കൊച്ചി മേയർ
 വരുമാനം നേടാൻ
മാർഗങ്ങൾ തേടണം
ലിബ്ര ഹോട്ടലിൽ നിന്ന് കോർപ്പറേഷന് വരുമാനം ലഭിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. ബസ് സംരംഭം ഉൾപ്പെടെ നിരവധി പദ്ധതികൾ നേരത്തെ ആവിഷ്കരിച്ചുവെങ്കിലും കുടുംബശ്രീക്കാർ എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മേൽനോട്ടത്തിനായി ആളില്ലാത്തതു കൊണ്ടാണ് ഇത് ആവർത്തിക്കുന്നത്.
ആന്റണി കുരീത്തറ
പ്രതിപക്ഷ നേതാവ്