 
കുറുപ്പംപടി: പെരുമ്പാവൂർ മണ്ഡലത്തിലെ ആലുവ - മൂന്നാർ റോഡിന്റെ കുറുപ്പംപടി പി.ഡബ്ല്യു.ഡി സെക്ഷന് കീഴിലുള്ള ഇരിങ്ങോൾ റോട്ടറിക്ലബ് മുതൽ ഓടക്കാലിവരെയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് തീരുമാനമായി. ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രീ ക്വാളിഫൈഡ് ടെൻഡറിന് അംഗീകാരം ലഭിച്ചെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 7 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ഭരണാനുമതി ലഭിച്ചത്.
നിലവിൽ റോഡിന്റെ പല ഭാഗങ്ങളും തകർന്ന് സഞ്ചാരയോഗ്യമല്ല. നിരവധി അപകടങ്ങളും സംഭവിക്കുന്നു.
നൂറ് കണക്കിന് വാഹനങ്ങൾ സദാസമയവും സഞ്ചരിക്കുന്നതും മൂന്നാർ, തേക്കടി അടക്കമുള്ള വിവിധവിനോദസഞ്ചാര മേഖലകളിലേക്കായി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ യാത്ര ചെയ്യുന്നതും ഈ റോഡിലൂടെയാണ്.
റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നാലുവരിപ്പാതയായി ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുമെന്നും സ്റ്റേറ്റ് ഹൈവേയായ റോഡിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും എം.എൽ.എ അറിയിച്ചു.
ആലുവ മുതൽ കോതമംഗലംവരെ 35.26 കിലോമീറ്റർദൂരത്തിൽ വാഹനപ്പെരുപ്പം പരിഗണിച്ച് 23 മീറ്റർ വീതിയിലുള്ള റോഡിന്റെ നിർമ്മാണത്തിനായി ഇൻവെസ്‌റ്റിഗേഷൻ നടത്തി 1051 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബിയിൽ സമർപ്പിച്ചിരുന്നു. നാലുവരിപ്പാതയ്ക്ക് സ്ഥലമേറ്റെടുപ്പിനുള്ള പ്രൊജക്‌ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിലെ റോഡിൽ താത്കാലികമായി പ്രീ മൺസൂൺ പണികളിലും മറ്റും ഉൾപ്പെടുത്തി അപകടകരമായ കുഴികൾ അടച്ചിരുന്നു.
കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.കെ.ജെ ഇൻഫ്രാസ്ട്രക്ചറിനാണ് ആലുവ - മൂന്നാർ റോഡിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. വേഗത്തിൽ നിർമ്മാണം ആരംഭിക്കും. നിലവിലെ രണ്ടുവരിപ്പാത ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് ചെയ്യുന്നതോടെ മൂന്നാർ റോഡിലൂടെയുള്ള യാത്ര വേഗത്തിലാകും.