തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ 10 സ്റ്റേഷനുകൾ
കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററിക്കു പകരം ചാർജുള്ളവ അതിവേഗം മാറ്റി ഘടിപ്പിക്കുന്ന ബാറ്ററി സ്വാപ്പിംഗ് കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിക്കുന്നതിനു മുമ്പേ കേരളം നടപ്പാക്കി. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 10 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ ഒരുവർഷം മുമ്പ് ആരംഭിച്ചു.
നൂറോളം ഓട്ടോറിക്ഷകൾ ഇപ്പോൾ ബാറ്ററി മാറ്റി ഓടുന്നുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ബാറ്ററി മാറ്റമാണ് ആദ്യം നടപ്പാക്കുന്നത്. ഒരു ചാർജിംഗിൽ ഓട്ടോറിക്ഷ 80 കിലോമീറ്ററും ബൈക്ക് 80-100 കിലോമീറ്ററും ഓടും. ചാർജ് തീരാറാകുമ്പോൾ സ്വാപ്പിംഗ് സ്റ്റേഷനിലെത്തി ബാറ്ററി മാറ്റാം.
സ്വാപ്പിംഗ് സ്റ്റേഷൻ ആരംഭിക്കുന്ന ആദ്യ 50 പേർക്ക് സബ്‌സിഡി നൽകാൻ 2019ൽ തീരുമാനിച്ചിരുന്നു. മെഷീൻ വിലയുടെ 25 ശതമാനമോ പരമാവധി 10ലക്ഷം രൂപയോ ആണ് സബ്‌സിഡി.
ചാർജിംഗ് ഫീസ്
എ.ടി.എം മാതൃകയിൽ (ആർ.എഫ്.ഐ.ഡി) കാർഡ് നൽകും
ചാർജിംഗ് സ്‌റ്റേഷനിലോ കമ്പനി ഓഫീസിലോ ടോപ് അപ്പ് ചെയ്യാം
500 രൂപ, 1000 രൂപ ടോപ്പ് അപ്പ്
കാർഡിൽ 300 രൂപ വേണം
മുച്ചക്ര, ഇരുചക്ര ബാറ്ററിക്ക് മൂന്ന് വർഷം വാറന്റി.
ഓട്ടോയുടെ മൂന്ന് ബാറ്ററിക്ക് വില 1,20,000 രൂപ.
ലക്ഷ്യം
ആദ്യം ജില്ലകളിൽ അഞ്ച് ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ
പിന്നീട് എല്ലാ താലൂക്ക്, നഗര പ്രദേശങ്ങളിലും
വെല്ലുവിളികൾ
എല്ലാ കമ്പനികളുടെയും വാഹനങ്ങൾ ബാറ്ററി മാറ്റാവുന്നതല്ല
സ്റ്റേഷൻ തുടങ്ങാൻ വലിയ മുതൽമുടക്ക്
ബാറ്ററിയുടെ നിലവാരം നിശ്ചയിച്ചിട്ടില്ല
സ്റ്റേഷനുകൾ
തിരുവനന്തപുരം - 4
(പി.എം.ജി, തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ, ഉള്ളൂർ, പേരൂർക്കട )
കോഴിക്കോട്- 6
(എം.ഡി.ബഷീർ റോഡ്, കല്ലായി റോഡ്, ചെറുവണ്ണൂർ, സിവിൽ സ്‌റ്റേഷൻ, കണ്ണൂർ റോഡ്, മാങ്കാവ് )
ചെലവ് 10ലക്ഷം
സൺ മൊബിലിറ്റിയുമായി ചേർന്നാണ് സ്റ്റേഷനുകൾ
30കിലോവാട്ടിന്റെ മെഷീൻ- 7.50ലക്ഷം
അനുബന്ധ സൗകര്യങ്ങൾ- 2.50ലക്ഷം
കേന്ദ്രം പ്രഖ്യാപിക്കുന്നതിനും മുമ്പേ പദ്ധതി തുടങ്ങിയത് അഭിമാനകരമാണ്. ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ തുടങ്ങാൻ സബ്സിഡി ഉൾപ്പെടെ സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
കെ.കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി
നിലവിലെ സ്‌റ്റേഷനുകൾ കാര്യക്ഷമമാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണ്.
ജെ. മനോഹർ
ഇ മൊബിലിറ്റി സെൽ മേധാവി
അനെർട്ട്