ba
മഹിളാ കിസാൻ സ്ത്രീ ശാക്തീകരൺ പരിയോജന ഈസ്റ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള ട്രാക്ടർ പരിശീലനം കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മഹിളാ കിസാൻ സ്ത്രീ ശാക്തീകരൺ പരിയോജന (എം.കെ.എസ്.പി) ഈസ്റ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന പത്ത് വനികകൾക്ക് ട്രാക്റ്റർ ഓടിക്കുന്നതിൽ പരിശീലനം നൽകി.

കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പരിശീലനം നൽകിയ കൃഷിയിടത്തിൽ പച്ചക്കറിക്കൃഷി ആരംഭിക്കും. ജൈവവളം ഉപയോഗിച്ച് ഡ്രിപ്പ് ഇറിഗേഷൻവഴി മികച്ച വിളവ് ഉണ്ടാക്കിയെടുക്കാനാകും. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരംസമിതി ചെയർമാൻ സി.ജെ. ബാബു, പഞ്ചായത്ത്

വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, പഞ്ചായത്ത് അംഗങ്ങളായ എം.ഒ. ജോസ് . ചാർലി പോൾ, എം.കെ.എസ്.പി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.എ. മുഹമ്മദ് സലീം, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എം.പി. പ്രകാശ്, ഷീലാമോൾ, ഷീബ എന്നിവർ പങ്കെടുത്തു.

കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്ത്രീപങ്കാളിത്തവും കൃഷിയുടെ ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണസ്ത്രീകളുടെ കാർഷികാധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനുമായി നിക്ഷേപംനടത്തി ശാക്തീകരിക്കുകയാണ് മഹിളാകിസാൻ സ്ത്രീശക്തികരൻ പരിയോജന പദ്ധതി ലക്ഷ്യമിടുന്നത്.

ഫെഡറേഷന്റെ നേതൃത്വത്തിൽ യന്ത്രവത്കൃത നടീൽ, തെങ്ങുകയറ്റം, ജൈവവളം ഉത്പാദനം, മേൽക്കൂരയിലെ മഴവെള്ളക്കൊയ്ത്ത്, ജൈവപച്ചക്കറി വ്യാപനം എന്നിവയിൽ പരിശീലനം നൽകിവരുന്നു. വെളിച്ചെണ്ണ ഉത്പാദക യൂണിറ്റ്, നെല്ലിന്റെ മൂല്യവർദ്ധിത ഉത്പ്പന്ന യൂണിറ്റ് എന്നിവയും ലക്ഷ്യങ്ങളിൽപ്പെടുന്നു.