അങ്കമാലി: കർഷകർക്ക് കൈത്താങ്ങാകാനായി ആരംഭിച്ച അഗ്രോ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം തുരുമ്പെടുക്കുന്നു. ഒരു വർഷത്തിലേറെയായി നാമമാത്രമായ പ്രവർത്തനമേ ഇവിടെ നടക്കുന്നുള്ളു. അറ്റകുറ്റപ്പണി നടത്തി യന്ത്രങ്ങൾ കാര്യക്ഷമമാക്കാൻ തയ്യാറാകാത്തതിനാൽ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. മിതമായ നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് ലഭ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏഴുവർഷം മുമ്പ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചതാണ് അഗ്രോ സർവീസ് സെന്റർ. തെക്കെ കിടങ്ങൂർപള്ളി പാരീഷ്ഹാളിന് സമീപം ബ്ലോക്ക് പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്താണ് സെന്റർ ആരംഭിച്ചത്. ഒരുകോടി രൂപമുടക്കി ആധുനിക കാർഷിക ഉപകരണങ്ങളെല്ലാം വാങ്ങിയിരുന്നു. തുടർന്ന് പ്രവർത്തനത്തനത്തിന് അഗ്രോ സർവീസ് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
കെയ്ത്തുമെതി യന്ത്രം, ട്രാക്ടർ, മിനി ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ, സ്പ്രെയർ, പുല്ലുവെട്ട് യന്ത്രം, ജാതിക്ക പൊട്ടിക്കുന്ന യന്ത്രം തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തിലുണ്ട്. നടീൽ ഉൾപ്പെടെ 12 സേവനങ്ങൾ ഇവിടെ
നിന്ന് ലഭിക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നിൽ വലിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
സെന്റർ കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് കർഷകർ
സെന്ററിനുമുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡ് തുരുമ്പുപിടിച്ചതുപോലെതന്നെ കേന്ദ്രത്തിലെ കാർഷിക ഉപകരണങ്ങൾ പലതും തുരുമ്പെടുത്ത് നശിക്കുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു . സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് എം.എൽ.എ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയർമാനും കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൺവീനറുമായി മേൽനോട്ട സമിതിയുണ്ടെങ്കിലും ഇത്തരം സമിതിയുണ്ടെന്നത് സമിതി അംഗങ്ങൾപോലും വിസ്മരിച്ചമട്ടാണ്.
ടില്ലറും ട്രാക്ടറുമെല്ലാം മഴയും വെയിലുമേറ്റ് നശിക്കുന്നു. ഉപകരണങ്ങളെല്ലാം ഉണ്ടെങ്കിലും സ്ഥിരമായി
ടെക്നീഷ്യമാരില്ലെന്ന് കർഷകർ പറയുന്നു. ഫലത്തിൽ കർഷകർക്ക് അഗ്രോ സർവീസ് സെന്റർ കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിക്കുന്നില്ല. കർഷകർ ഇപ്പോഴും സ്വകാര്യവ്യക്തികളുടെ കൃഷിഉപകരണങ്ങൾ വാടകയ്ക്കെടുക്കേണ്ട ഗതികേടിലാണ്. തൃശൂർ,ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ഉയർന്ന തുക വാടക കൊടുത്താണ് കർഷകർ കൊയ്ത്തുമെതിയന്ത്രവും മറ്റും കൊണ്ടുവരുന്നത്.