കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചാനലുടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹർജിയിൽ ബന്ധപ്പെട്ട ഫയലുകളടക്കമുള്ള രേഖകൾ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ഹർജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. ചാനലിന്റെ സംപ്രേഷണം തുടരാൻ കഴിയുന്ന തരത്തിൽ കഴിഞ്ഞ ദിവസം നൽകിയ ഇടക്കാല ഉത്തരവു റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും സിംഗിൾബെഞ്ച് നിരസിച്ചു. തിങ്കളാഴ്ച വരെ ഇടക്കാല ഉത്തരവു തുടരാനും നിർദ്ദേശിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ളിയറൻസ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 31 നാണ് ചാനൽ സംപ്രേഷണം നിറുത്താൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് നൽകിയത്. എന്ത് സുരക്ഷാ കാരണത്താലാണ് അനുമതി നിഷേധിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് വെളിപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ളിയറൻസ് നിഷേധിച്ചതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി അസി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങൾ കോടതിക്ക് കൈമാറി.