കോലഞ്ചേരി: രാമമംഗലം സർക്കാർ ആശുപത്രിയിൽ കൊവിഡ് വാക്സിനേഷന് എത്തുന്നവർ ഇനി വെയിലത്ത് കാത്തിരുന്ന് വാടേണ്ട, തണലത്തിരിക്കാൻ അവർക്കൊരു കേന്ദ്രമായി. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച മേരി ബേബി കൈതവളപ്പിൽ എന്ന ഹെഡ് നഴ്സാണ് തണലൊരുക്കിയത്.
27 വർഷത്തെ സേവനത്തിനുശേഷം 22വർഷംമുമ്പ് വിരമിച്ച മേരി താൻ 12 വർഷം സേവനമനുഷ്ടിച്ച രാമമംഗലം ആശുപത്രിക്കായി 10ലക്ഷം രൂപമുടക്കിയാണ് വാക്സിനേഷൻ കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ച് നൽകിയത്. മേരി ഭർത്താവ് കെ.എസ്. ബേബിയുമൊന്നിച്ച് വാക്സിനേഷനായി രണ്ടരമാസം മുമ്പ് ആശുപത്രിയിലെത്തിയതാണ് കെട്ടിട നിർമ്മാണത്തിലേക്കെത്താൻ ഇടയായത്. നിരവധിപേർ കനത്ത വെയിലിൽ ക്യൂ നിൽക്കുന്നത് കണ്ടതാണ് ആശയത്തിന് തുടക്കം. തന്റെ ആഗ്രഹം പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജുവിനെ അറിയിച്ചു. അവർ അനുമതിയും നൽകി.
മക്കളായ നിതിനും വിബിനും ചേർന്ന് രണ്ടരമാസംകൊണ്ട് പണി പൂർത്തിയാക്കി ബ്ളോക്ക് പഞ്ചായത്തിന് കൈമാറുകയായിരുന്നു.
കെ.എസ്. ബേബി ഏഴുവർഷംമുമ്പ് ടൗണിന്റെ കണ്ണായ ഭാഗത്ത് രാമമംഗലം ബസ് സ്റ്റാൻഡിന് 30 സെന്റ് സ്ഥലം സൗജന്യമായി നൽകിയതുൾപ്പെടെ നിരവധിപേർക്ക് താങ്ങും തണലുമായിട്ടുണ്ട്. ആശുപത്രിക്കുവേണ്ടിയുള്ള കെട്ടിടനിർമ്മാണത്തിന് മുൻകൈയെടുത്തതും അദ്ദേഹമാണ്. തടി വ്യവസായികളും മില്ലുടമകളുമാണ് മക്കളായ വിബിനും നിതിനും. സഹോദരി ടിബിൻ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടറാണ്. അമ്മയുടെ ജീവിതവഴിയിലൂടെയാണ് തങ്ങൾ ഇന്നത്തെ നിലയിലെത്തിയതെന്നും അമ്മയും അപ്പയും ചേർന്നെടുക്കുന്ന തീരുമാനങ്ങൾ പൂർണ്ണമനസോടെയാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും മക്കൾ പറഞ്ഞു.
ഏഴുവർഷം മുംബയിൽ നഴ്സായിരുന്നു മേരി. തുടർന്ന് കേരള ഹെൽത്ത് സർവീസിലെത്തി.