cardinal
മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പൂച്ചെണ്ട് സമ്മാനിക്കുന്നു

കൊച്ചി: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജത ജൂബിലി ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദ്ദിനാൾ ആലഞ്ചേരി കുർബാന അർപ്പിച്ചു. തുടർന്ന് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന്റെ നേതൃത്വത്തിൽ പുരോഹിതർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.

1996ൽ തക്കല രൂപത സ്ഥാപിച്ചപ്പോൾ മെത്രാനായി നിയമിച്ചത് ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോർജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി രണ്ടിന് ജോസഫ് പൗവ്വത്തിൽ മെത്രാപ്പൊലീത്തയിൽ നിന്ന് മെത്രാൻ പട്ടം സ്വീകരിച്ചു. 14 വർഷം തക്കലയിൽ പ്രവർത്തിച്ചു. മേജർ ആർച്ച് ബിഷപ്പ് വർക്കി വിതയത്തിൽ മരിച്ചതിനെത്തുടർന്ന് ജോർജ് ആലഞ്ചേരിയെ സഭാ സിനഡ് പിൻഗാമിയായി നിശ്ചയിച്ചു. 2011 മേയ് 29ന് സഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു.

ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2012 ഫെബ്രുവരി 18ന് ജോർജ് ആലഞ്ചേരിയെ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തി. 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്ത കർദിനാൾമാരുടെ സംഘത്തിൽ അംഗമായി. കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ്, കേരള ഇന്റർ ചർച്ച് കൗൺസിൽ ചെയർമാൻ എന്നീ നിലകളിലും ആലഞ്ചേരി പ്രവർത്തിക്കുന്നു.