malinyam
ദേശം - കാലടി റോഡിൽ പുറയാർ ഗാന്ധിപുരത്ത് വഴിയോരത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യം.

നെടുമ്പാശേരി: പൊലീസ് പട്രോളിഗും നിരീക്ഷണകാമറകളും പഞ്ചായത്തിന്റെ കർശനചട്ടങ്ങളും നിലവിലുണ്ടെങ്കിലും പഞ്ചായത്തിന്റെ ചെങ്ങമനാട് മാലിന്യം തള്ളുന്നത് പതിവായി. പറമ്പയം - നെടുവന്നൂർ റോഡിൽ കൂവപ്പാടത്ത് കഴിഞ്ഞദിവസവും കക്കൂസ് മാലിന്യം തള്ളിയതാണ് ഒടുവിലെ സംഭവം.

ബസ് സർവീസുകൾ കുറവായതിനാൽ നിരവധിപേർ കാൽനടയായി​ സഞ്ചരിക്കുന്ന റോഡരി​കിലാണ് കക്കൂസ് മാലിന്യം തള്ളിയത്. സമീപത്ത് താമസിക്കുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. രാത്രികാലങ്ങളിൽ വഴിയരികിലും കൂവപ്പാടം പോലുള്ള വിജനമായ പ്രദേശങ്ങളിലും നേരത്തെം കക്കൂസ് മാലിന്യം തള്ളിയിരുന്നു. ശല്യംകൂടിയതോടെ ഗ്രാമപഞ്ചായത്ത് മുൻ അംഗം ജെർളി കപ്രശ്ശേരിയുടെ നേതൃത്വത്തിൽ നാട്ടുകാർ രാത്രികാലങ്ങളിൽ കാത്തുനിന്ന് സാമൂഹികവിരുദ്ധരെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. പിന്നീട് കുറേനാളത്തേക്ക് ശല്യംകുറഞ്ഞിരുന്നു. നിയമങ്ങളേയും പൊലീസി​നേയും വകവയ്ക്കാതെയാണ് സാമൂഹികവിരുദ്ധർ വീണ്ടും രംഗത്തെത്തി​യി​രി​ക്കുകയാണ്. ഫ്ളാറ്റുകളിൽനിന്ന് കക്കൂസ് മാലിന്യം നീക്കാൻ കരാറെടുക്കുന്നവർ ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയിൽ വഴിയരികിൽ തള്ളുകയാണെന്നാണ് ആരോപണം.

കുറ്റക്കാർക്കെതി​രെ പൊലീസ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജെർളി കപ്രശേരി ആവശ്യപ്പെട്ടു.

ദേശം - കാലടി റോഡിൽ പുറയാർ ഗാന്ധിപുരം ഭാഗങ്ങളിൽ ചാക്കിൽകെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നതായും പരാതിയുണ്ട്. അടുത്തിടെ നാട്ടുകാരുടെ ശ്രമദാനത്തിലും മറ്റും ശുചീകരിച്ച വഴിയോരങ്ങളിൽ മാലിന്യം നിറഞ്ഞതോടെ യാത്രക്കാരും സമീപവാസികളും ദുരിതം അനുഭവിക്കുന്നതായി വാർഡ് അംഗം നഹാസ് കളപ്പുരയിൽ ചൂണ്ടിക്കാട്ടി. ചത്ത ജീവികളെവരെ ചാക്കിൽകെട്ടി റോഡിൽ തള്ളുന്ന സ്ഥിതി വിശേഷമാണ്.

പൊലീസ് ജാഗ്രത പാലിക്കണമെന്നും രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും നഹാസ് ആവശ്യപ്പെട്ടു. അടുത്തിടെ കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ടോറസുകളിൽ കൊണ്ടുവന്ന ആശുപത്രി മാലിന്യങ്ങൾ അർദ്ധരാത്രി പഞ്ചായത്ത് ഓഫീസിന് സമീപം സ്വകാര്യവളപ്പിൽ തള്ളുന്നത് പൊലീസ് കണ്ടെങ്കിലും കൈമടക്ക് വാങ്ങി വിട്ടയച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. വിഷയം അൻവർസാദത്ത് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ ഇത് ചില പൊലീസുദ്യോഗസ്ഥരുടെ സസ്‌പെൻഷനിലാണ് അവസാനിച്ചത്.