
കൊച്ചി: ഓണക്കിറ്റും കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തതിന് റേഷൻ കടയുടമകൾക്ക് കമ്മിഷൻ ഇനത്തിലുള്ള കുടിശ്ശിക രണ്ടു മാസത്തിനകം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം, 2018ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നിരക്കിൽ കമ്മിഷൻ നൽകണമെന്ന ആവശ്യം തള്ളി. സൗജന്യ ഭക്ഷ്യ കിറ്റിന് ഏഴു രൂപ നിരക്കിലും ഓണക്കിറ്റിന് അഞ്ചു രൂപ നിരക്കിലുമാണ് കമ്മിഷൻ .ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എ. നൗഷാദ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ വിധി.
കൊവിഡ് വ്യാപനത്തെത്തുടർന്ന് സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ 2020 ഏപ്രിൽ ആറിനാണ് സർക്കാർ തീരുമാനിച്ചത്. റേഷൻ കടയുടമയ്ക്ക് കിറ്റൊന്നിന് അഞ്ചു രൂപ നിരക്കിൽ കമ്മിഷൻ നൽകാൻ നിശ്ചയിച്ചത് സർക്കാർ പിന്നീട് ഏഴു രൂപയാക്കി. എന്നാൽ 2021 ഫെബ്രുവരി 19ന് ഇത് അഞ്ചു രൂപയായി വെട്ടിക്കുറച്ചു. 2018ൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിശ്ചയിച്ച നിരക്കനുസരിച്ച് ക്വിന്റലിന് 220 രൂപയാണ് കമ്മിഷൻ. ഇതനുസരിച്ച് സൗജന്യ കിറ്റുകൾക്ക് 22 രൂപ നിരക്കിൽ കമ്മിഷൻ നൽകണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.
കിറ്റ് വിതരണത്തിന് കമ്മിഷൻ നൽകാനുള്ള നടപടി നയതീരുമാനമാണെന്നും ഇതു ലഭിക്കാൻ റേഷൻകടയുടമകൾക്ക് നിയമപരമായി അവകാശമില്ലെന്നും സർക്കാർ വാദിച്ചു. റേഷൻ കടയുടമകൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും ചൂണ്ടിക്കാട്ടിയ സർക്കാർ, സൗജന്യ കിറ്റ് വിതരണം സ്വമേധയാ ചെയ്യേണ്ട പ്രവൃത്തിയാണെന്നും വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല. ആനുകൂല്യങ്ങളുടെ പേരിൽ കമ്മിഷൻ നിരസിക്കാനാവില്ല. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് നേരത്തെ നിശ്ചയിച്ച നിരക്കു പ്രകാരം കമ്മിഷൻ വേണമെന്ന് ഹർജിക്കാർക്ക് ആവശ്യപ്പെടാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.