
പ്രാകൃത വഴിപാട് പുറത്തുകാണാതെ തിടപ്പള്ളിയിൽ
കൊച്ചി: ജാതി വിവേചനത്തിന് കുപ്രസിദ്ധമായ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ 'പാപ പരിഹാരാർത്ഥം' ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട് !
നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളിക്കുള്ളിൽ പുറത്തുള്ളവർ കാണാത്തവിധം പന്ത്രണ്ടു ബ്രാഹ്മണരെ നിരത്തിയിരുത്തി പാദം കഴുകുന്ന ഈ പാപപരിഹാരാർത്ഥ വഴിപാടിന് ഇരുപതിനായിരം രൂപയാണ് നിരക്ക്.ഇവർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും നൽകും.
ക്ഷേത്രം ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ അംഗീകൃത വഴിപാടായാണ് ഇതു നടത്തുന്നത്. വഴിപാട് ലിസ്റ്റിൽ പന്ത്രണ്ട് നമസ്കാരം എന്ന പേരിലാണ് ഇതു സ്ഥാനം പിടിച്ചിരിക്കുന്നത്. ചില ജോത്സ്യൻമാരാണ് ഇതു ചെയ്യാൻ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പറഞ്ഞുവിടുന്നത്. മാസത്തിൽ രണ്ടോ മൂന്നോ വഴിപാടുകൾ നടക്കാറുണ്ട്. തന്ത്രിയാണ് സമയവും തീയതിയും നിശ്ചയിക്കുക.
അടുത്തിടെ, കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിശ്ചയിച്ച ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വിവാദമായപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് റദ്ദാക്കിയിരുന്നു. അതിനിടയിലാണ് ബോർഡിന്റെ പ്രശസ്തമായ പൂർണത്രയീശ ക്ഷേത്രത്തിൽ പ്രാകൃത ചടങ്ങ് ആഘോഷമായി, വഴിപാടായി നടക്കുന്ന വിവരം പുറത്തുവരുന്നത്.
പൂർണത്രയീശ ക്ഷേത്രത്തിലെ
ജാത്യാചാരങ്ങൾ
നമസ്‌കാര മണ്ഡപത്തിൽ പ്രവേശനം ബ്രാഹ്മണർക്ക് മാത്രം. അബ്രാഹ്മണരെ തടയാൻ കാവൽക്കാരൻ
വർഷത്തിലെ നാല് ഉത്സവങ്ങളിലും ആനപ്പുറത്ത് കയറാൻ പൂണൂൽ ധരിച്ചിരിക്കണം
മേളങ്ങൾക്ക് പിന്നാക്ക വിഭാഗക്കാർ പാടില്ല
ശാന്തിക്കാരിലോ കഴകക്കാരിലോ അവർണർ ഇല്ല
പാത്രം തേപ്പ്, അടിച്ചുതളി, കാവൽ, തകിൽ തുടങ്ങി താഴ്ന്ന തസ്തികകളിൽ മാത്രമാണ് പിന്നാക്ക, പട്ടികജാതിക്കാർ.
ജാതി അധിക്ഷേപങ്ങൾക്കെതിരെ കീഴ്ജീവനക്കാരിൽ ചിലരും ഭക്തരും നൽകിയ പരാതികൾ ബോർഡിനും സർക്കാരിനും മനുഷ്യാവകാശ കമ്മിഷനും മുന്നിലുണ്ട്.