കൊച്ചി: സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിന് പ്രകൃതി, തണ്ണീർത്തട സംരക്ഷണം അനിവാര്യമാണെന്ന് ശാസ്ത്രജ്ഞനും നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി മുൻ മേധാവിയുമായ എസ്. അനന്തനാരായണൻ പറഞ്ഞു. കേരള നദീസംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ ആലുവ മണപ്പുറത്ത് സംഘടിപ്പിച്ച തണ്ണീർത്തടദിനാചരണവും കെ റെയിലിന് എതിരായ പ്രതിഷേധപരിപാടിയും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേയും കൂടിയാണ്. മറ്റു ജീവികൾക്കില്ലാത്ത ഒരു സവിശേഷാവകാശവും മനുഷ്യന് ഇവിടെയില്ല. ജീവിവർഗ്ഗങ്ങളിൽ ഏറ്റവും ബുദ്ധിമാനായ മനുഷ്യനാണ് ഇതര ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം. പക്ഷെ ആധുനികസമൂഹം ഇതെല്ലാം വിസ്മരിക്കുകയാണെന്നും അനന്തനാരായണൻ പറഞ്ഞു. പ്രൊഫ. ഗോപാലകൃഷ്ണ മൂർത്തി അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനുമായ വേണു വാരിയത്ത് തണ്ണീർത്തടങ്ങളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിച്ചു. ജനകീയ അന്വേഷണസമിതി കൺവീനർ ടി.എൻ. പ്രതാപൻ, കലാധരൻ മറ്റപ്പിള്ളി, മാദ്ധ്യമപ്രവർത്തകൻ വിനോദ് പുളിയന, ഡി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു . എലൂർ ഗോപിനാഥ് സ്വാഗതവും കെ.കെ. വാമലോചനൻ നന്ദിയും പറഞ്ഞു. കെ റെയിലിനെതിരെ അജി പുറമനയുടെ നേതൃത്വത്തിൽ നടന്ന തെരുവുനാടകത്തിൽ പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു.