തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭാ കുടിവെള്ള ടാങ്കർ ലോറി വാങ്ങുന്നു 5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കർ ലോറിയാണ് നഗരസഭാ വാങ്ങാൻ ഒരുങ്ങുന്നത്.
സർക്കാർ അംഗീകൃത ഓൺലൈൻ പോർട്ടലായ ജെമ്മിൽ 3500 ലിറ്റർ സംഭരണ ശേഷിയുള്ള 14 മുതൽ 20 അടി നീളമുള്ള വാഹനം മാത്രമേയുള്ളു.അതിനാൽ അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ വഴി വാഹനം വാങ്ങാനാണ് ഒരുങ്ങുന്നത്. നഗരസഭാ പ്രദേശങ്ങളിൽ പ്രധാനമായും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടറോഡുകളിൽ ഈ 20 അടി നീളമുളള വാഹനം കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ 12 അടി നീളമുള്ള ടാങ്കർ ലോറി വാങ്ങാൻ തീരുമാനിച്ചതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. വേനൽ കഠിനമാവുന്നതോടെ കൊല്ലംകുടിമുഗർ, പാട്ടുപുര നഗർ, നെടുംകുളങ്കര മല, അത്താണി,കളത്തിക്കുഴി,നിലംപതിഞ്ഞി മുഗൾ,തുതിയൂർ,അത്താണി തുടക്കിയ നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെളള ക്ഷാമം രൂക്ഷമാണ്. ടാങ്കർ വാങ്ങുന്നതോടെ കുടിവെള്ള പ്രശനങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിക്കാനുള്ള ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മുൻ വർഷങ്ങളിൽ ടാങ്കർ ലോറികൾക്ക് ഭീമമായ തുക വാടകയിനത്തിൽ നൽകേണ്ടിവന്നിരുന്നു.ഈ സാഹചര്യത്തിലാണ് നഗരസഭ സ്വന്തമായി ടാങ്കർ വാങ്ങാൻ തീരുമാനിച്ചത്
.