suresh-padakkara

കോടതി ഉത്തരവിനു പോലും പുല്ലുവില

കൊച്ചി: ആരുവിചാരിച്ചാലും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ നന്നാകില്ലെന്നതിന് ഉദാഹരണമായി വസ്തു പോക്കുവരവിനായി ഒരു വൃദ്ധൻ മൂന്നുവർഷം നടത്തിയ പോരാട്ടം. എന്തുവന്നാലും കൈക്കൂലി നൽകില്ലെന്നും അന്യായമായ സമീപനങ്ങളെ ചോദ്യം ചെയ്യാതെ വിടില്ലെന്നുമായിരുന്നു

പള്ളുരുത്തി സ്വദേശി സുരേഷ് പടക്കാറ എന്ന 70കാരന്റെ ഉറച്ച നിലപാട്.

ഹൈക്കോടതിയും കളക്ടറും ആർ.ഡി.ഒയും ഉത്തരവിട്ടിട്ടും കീഴുദ്യോഗസ്ഥർ വഴങ്ങിയില്ല. തോൽക്കാൻ സുരേഷും കൂട്ടാക്കിയില്ല. ഒടുവിൽ ഗതികെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ്

13 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നൽകാൻ കൊച്ചി തഹസിൽദാരും രാമേശ്വരം വില്ലേജ് ഓഫീസറും തയ്യാറായത്.

സുരേഷിന്റെ ഭാര്യ ഷീബയ്ക്ക് സഹോദരൻ ഇഷ്ടദാനം നൽകിയ വസ്തു പോക്കുവരവ് ചെയ്യുന്നതായിരുന്നു പ്രശ്നം.

ഫോർട്ട്‌കൊച്ചി തഹസിൽദാർ അപേക്ഷ നിരസിച്ചു. നിയമപരമായി നിലനിൽക്കാത്ത വാദങ്ങളുന്നയിച്ചായിരുന്നു റവന്യൂജീവനക്കാരുടെ ദുർവാശി. വസ്തുവിന്റെ മതിപ്പുവിലയുടെ 10ശതമാനം കൈക്കൂലി നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനവുമായി പിന്നീട് ഇടനിലക്കാർ വന്നു.

ഫോർട്ട് കൊച്ചി ആർ.ഡി.ഒ സ്‌നേഹിൽ കുമാർ സിംഗിന് അപ്പീൽ നൽകിയപ്പോൾ ഹിയറിംഗിന് വിളിച്ചു. പക്ഷേ തഹസിൽദാർ ഹാജരായില്ല. പകരം എത്തിയത് ഡെപ്യൂട്ടി തഹസിൽദാർ. വകുപ്പ് നിയമോപദേശം തേടണമെന്ന സുരേഷിന്റെ വാദവും പരിഗണിച്ചില്ല. കോടതിയെ സമീപിക്കാനായിരുന്നു നിർദേശം. അപ്പോൾ

കളക്ടർക്ക് പരാതി നൽകി. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ചും പരാതിയിൽ സൂചിപ്പിച്ചിരുന്നു.

പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് 2021 മാർച്ചിൽ കോടതി ഉത്തരവിട്ടു. എന്നിട്ടും നടപടികൾ വൈകിപ്പിച്ചു. അഡ്വക്കേറ്റ് ജനറൽ ഓഫീസ് ഇടപെട്ടെങ്കിലും പോക്കുവരവ് ചെയ്ത് നൽകാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല.

2021നവംബറിൽ കളക്ടർ ജാഫർമാലിക് ഇടപെട്ട ശേഷമാണ് പോക്കുവരവ് ചെയ്തത്.

മൂന്ന് വർഷത്തെ പ്രതികാരം

ഉദ്യോഗസ്ഥരുടെ അഹങ്കാരത്തിനും ആർത്തിയ്ക്കും ദൃഷ്ടാന്തമാണിത്. വയസുകാലത്ത് നൂറുതവണയെങ്കിലും റവന്യൂ ഓഫീസുകൾ കയറിയിറങ്ങി. ബുദ്ധിമുട്ടിച്ചവരെ വെറുതേവിടില്ല. ഇനി നഷ്ടപരിഹാരത്തിനും നടപടിക്കുമാണ് നിയമയുദ്ധം.


സുരേഷ് പടക്കാറ
പള്ളുരുത്തി