
കളമശേരി: ഏലൂർ പാതാളം 'രാജ്ഭവനിൽ' രാജശേഖരൻ കൊവിഡ് കാലത്തും 85ാം വയസിലും അഭിനയത്തിൽ സജീവം. 'ഹു ഈ സ് ദ ഗോഡ്' എന്ന ഷോർട്ട് ഫിലിമിലാണ് ഒടുവിൽ വേഷമിട്ടത്. ഭാര്യയും മകനും പേരക്കിടാവും മരുമകളും ഒപ്പം അഭിനയിച്ചു.
1957ൽ ചൂർണ്ണിക്കര അമ്പാട്ടുകാവ് മൈതാനത്ത് 'ഒരു കുടുംബം പിറക്കുന്നു' എന്ന നാടകത്തിനു വേണ്ടിയാണ് ആദ്യമായി ചായമിട്ടത്. കെ.എസ്. ആന്റണി എഴുതിയ, ശ്രീനാരായണ ഗുരുദേവ ചരിത്രം 'പാദമുദ്ര' എന്ന പേരിൽ പ്രൊഫഷണൽ നാടകമായി അവതരിപ്പിച്ച ടീമീൽ ഇന്ന് ജീവിച്ചിരിക്കുന്നത് രാജശേഖരൻ മാത്രം. ഗുരുവിന്റെ ശിഷ്യന്റെ വേഷമായിരുന്നു നാടകത്തിൽ.
കാല്പാടുകൾ എന്ന നാടകത്തിൽ പാടുന്നതിന് യേശുദാസിനു വേണ്ടി രാജശേഖരൻ കെ.എസ്.ആന്റണിയെ സമീപിച്ചപ്പോൾ കഥ സിനിമയാക്കുമ്പോൾ അവസരം തരാമെന്ന് ഉറപ്പ് നൽകി. അത് പാലിക്കുകയും ചെയ്തു.
കെ.എസ്.ആന്റണി കഥ, തിരക്കഥ, സംഭാഷണം സംവിധാനം നിർവഹിച്ച ചിത്രത്തിൽ ജാതിഭേദം മതദ്വേഷം... എന്നു തുടങ്ങുന്ന വരികൾ ആലപിച്ച് യേശുദാസ് സിനിമയിൽ തുടക്കം കുറിച്ചു. ഈ നാടകം തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആർ.ശങ്കറായിരുന്നു.
പി.ജെ.ആന്റണിയുടെ സമിതിയിലും കെ.എസ്.ആന്റണി, തങ്കപ്പൻ പിള്ള, കൊല്ലം സുകുമാരൻ, തിലകൻ, പ്രേംജി, ഗോവിന്ദൻ കുട്ടി ,നിലമ്പൂർ ബാലൻ, എൻ.എഫ്.വർഗീസ് തുടങ്ങിയവരോടൊപ്പവും നാടകങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
അടിയന്തരാവസ്ഥ കാലത്ത് പൊലീസിനെ ഭയന്ന് വേദികളിൽ നിന്ന് ഓടി രക്ഷപെട്ട കഥയും പറയാനുണ്ട്. ഭാര്യ രാധാമണിയും മക്കളായ രാജീവ്, രാജേഷ്, രതീഷ് കൂടാതെ മരുമക്കളും കൊച്ചുമക്കളും കലാപ്രവർത്തനങ്ങളിൽ കൂടെയുണ്ട്.