കൊച്ചി: നഗരത്തിലെ മാലിന്യനീക്കം 'സ്മാർട്ടാ'ക്കാൻ കൊച്ചി കോർപ്പറേഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന് മുന്നോടിയായി മാലിന്യം നീക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന് (സി.എസ്.എം.എൽ) കോർപ്പറേഷൻ അധികൃതർ നിർദ്ദേശം സമർപ്പിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിക്കാൻ 74 ഡിവിഷനുകളിലായി 150 നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
74 ഡിവിഷനുകളിലേക്കായി 15 ഇലക്ട്രിക് ട്രൈസൈക്കിളുകൾ, ട്രൈസൈക്കിളുകളിൽനിന്ന് മാലിന്യം യന്ത്രസഹായത്തോടെ ഇറക്കാൻ കഴിയുന്ന 50 ടിപ്പർ ട്രൈസൈക്കിൾ, മാലിന്യം അമർത്താനുള്ള 15 കോംപാക്റ്ററുകൾ എന്നിവ വാങ്ങുന്നതിനായാണ് നിർദ്ദേശം സമർപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കാനും ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുമാണ് ഇവ ഉപയോഗിക്കുക. പദ്ധതിയുടെ ഡി.പി. ആർ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നതായി സി.എസ്.എം.എൽ അധികൃതർ പറഞ്ഞു.
പുതിയ വാഹനങ്ങൾ ഏപ്രിലോടെ എത്തുമെന്നാണ് പ്രതീക്ഷ. ഓരോ വാഹനവും വേർതിരിച്ചറിയാൻ കളർകോഡ് ഉണ്ടാകും.
വാഹനങ്ങളുടെ പ്രവർത്തനത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികളുടെ മേൽനോട്ടത്തിനുമായി ഒരു മെക്കാനിക്കൽ എൻജിനീയറെ നിയമിച്ചതായി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷ്‌റഫ് പറഞ്ഞു. ഇപ്പോഴുള്ള കോംപാക്റ്ററുകൾ വാങ്ങിയിട്ട് 15 വർഷമായതിനാൽ അടുത്തവർഷം സർവീസ് നിർത്തേണ്ടിവരും. നേരത്തേ ഇറക്കിയ ക്യാരേജ് ഓട്ടോകൾ പ്രവർത്തനക്ഷമമല്ലെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാകും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. ഇതിന്റെ പരിപാലനവും സ്വകാര്യ കമ്പനിയുടെ ചുമതലയാണ്. കോർപ്പറേഷന്റെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള ചുമതലയും സി.എസ്.എം.എല്ലിനെ ഏല്പിക്കാനുള്ള ആലോചനയിലാണ് കോർപ്പറേഷൻ.

സി.എസ്.എം.എല്ലിന്റെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് സ്‌ട്രീറ്റ് സ്വീപ്പർ, കോംപാക്ടറുകൾ എന്നിവ വാങ്ങുന്നതിനായി തുക നീക്കി വച്ചിരുന്നു. ഇതിനായി ടെൻഡർ വിളിച്ചുവെങ്കിലും ആരും പങ്കെടുത്തില്ല. ഇതേതുടർന്ന് വീണ്ടും ഡി.പി.ആർ തയ്യാറാക്കി പുതിയ ടെൻഡർ വിളിക്കാനുള്ള ഒരുക്കത്തിലാണ് സി.എസ്.എൽ.എൽ.