bipas

കൊച്ചി: നഗരത്തിലെത്തുന്ന യാത്രക്കാർ ഏറെ ആഗ്രഹിച്ച സേവനം യാഥാർത്ഥ്യമാക്കി കെ.എസ്.ആർ.ടി.സിയുടെ 'ബൈപ്പാസ് ഫീഡർ' ഉടൻ നിരത്തിലിറങ്ങും. വൈറ്രില മൊബിലിറ്റി ഹബ്ബും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്പെഷ്യൽ സർവീസാണ് ബൈപ്പാസ് ഫീഡർ. ഇതിനായി 5 കട്ട് ചേസിസ് ബസുകൾ പ്രത്യേക നിറം നൽകി തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട്- തിരുവനന്തപുരം ബൈപ്പാസ് റൈഡർ സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് സിറ്റിയിലെ ബൈപ്പാസ് ഫീഡറും ഓടിത്തുടങ്ങും. നഗരത്തിൽ കയറാതെ ബൈപ്പാസ് വഴി പോകുന്ന ദീർഘദൂര ബസിലെ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽ എത്താനുള്ള കണക്ഷൻ സർവീസ് എന്ന നിലയിലാണ് ബൈപ്പാസ് ഫീഡർ ആരംഭിക്കുന്നത്.

ജില്ലയുടെ കിഴക്കൻ മേഖലിയിൽ നിന്നും കോട്ടയം ഇടുക്കി പ്രദേശങ്ങളിൽ നിന്നും വൈറ്റില ബസ് സ്റ്റേഷനിൽ എത്തുന്നവർക്കും ഈ സർവീസ് ഏറെ പ്രയോജനം ചെയ്യും. കോട്ടയം, തൊടുപുഴ, പാല, മുണ്ടക്കയം, പത്തനംതിട്ട, മൂവാറ്റുപുഴ, ഇടുക്കി ഭാഗങ്ങളിലേക്ക് വൈറ്റില ഹബ്ബിൽ നിന്ന് നിരവധി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും അടിക്കടി സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഈ ഭാഗങ്ങളിലേക്ക് പോകാൻ എറണാകുളം ബസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നവർക്ക് വൈറ്റില ഹബ്ബിൽ എത്തിച്ചേരുക എളുപ്പമായിരുന്നില്ല. ദീർഘദൂര ബസുകളിൽ 14 മുതൽ 35 രൂപവരെയാണ് ഹബ്ബിനും കെ.എസ്.ആർ.ടി.സി സ്റ്റേഷനുമിടയിലെ യാത്രക്ക് ഈടാക്കിയിരുന്ന ടിക്കറ്റ് ചാർജ്.