പഞ്ചായത്ത് ഭരണപ്രതിസന്ധിയിലേക്ക്
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്ന് ഭരണപക്ഷം. അസിസ്റ്റന്റ് സെക്രട്ടറിയെ ഭരണസമിതി സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ജീവനക്കാർ ഇന്നലെ പണിമുടക്കി. ട്വന്റി20യാണ് മഴുവന്നൂരിൽ ഭരിക്കുന്നത്. ജീവനക്കാരും ഭരണസമിതിയുമായി നാളുകളായി തുടരുന്ന ശീതസമരമാണ് ഒടുവിൽ രൂക്ഷമായത്. മഴുവന്നൂർ പഞ്ചായത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഒരുകോടിരൂപ നഷ്ടപ്പെട്ടതായി കാണിച്ച് പ്രതിപക്ഷവും സമരരംഗത്താണ്. മഴുവന്നൂർ ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിൽനിന്ന് പദ്ധതിവിഹിതം അനുവദിക്കുന്നതിന് ധനകാര്യ കമ്മീഷന് നൽകിയ അപേക്ഷകൾ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തിൽ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇക്കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടയിലാണ് മഴുവന്നൂരിൽ ജീവനക്കാരുമായി ഭരണസമിതി നേർക്കുനേർ പോരാട്ടം തുടങ്ങിയത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുന്നതിന് മൂന്ന് ആരോപണങ്ങളാണ് ഭരണസമിതി ഉന്നയിച്ചത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ജീവനക്കാർ പറയുന്നത്.
ഭരണസമിതിയുടെ ആക്ഷേപങ്ങൾ
ഭരണസമിതിയുടെ തീരുമാനങ്ങൾ മാനിക്കാതെ നിരന്തരമായി ഭരണപ്രതിസന്ധിയുണ്ടാക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന മെമ്മോകൾക്ക് സമയപരിധിക്കുള്ളിൽ മറുപടിയില്ല.
പഞ്ചായത്ത് ഭൂരിപക്ഷ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുക.
ജീവനക്കാർ പറയുന്നത്
നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്നു
പഞ്ചായത്തീരാജ് നിയമങ്ങൾക്ക് അനുസൃതമല്ലാത്ത കാര്യങ്ങളിൽ ബാഹ്യഇടപെടലുകളോടെ നടത്തിയെടുക്കുന്നതിന് ശ്രമിക്കുന്നു.
കൊവിഡ് ബാധിതനായ സെക്രട്ടറിയെ പഞ്ചായത്ത് ഓൺലൈൻ കമ്മിറ്റിയിൽ പങ്കെടുപ്പിക്കണമെന്ന പ്രസിഡന്റിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞത് കൃത്യവിലോപമായി കാണിച്ച് അസിസ്റ്റന്റ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു.
അടിയന്തര പഞ്ചായത്ത് കമ്മിറ്റി നടത്തുന്നതിന് പാലിക്കേണ്ട നപടിക്രമങ്ങൾ പാലിക്കാതെ കമ്മിറ്റിവിളിക്കാൻ നോട്ടീസ് നൽകണമെന്ന് നിർബന്ധിച്ചു. അത് നടപ്പാക്കാൻ കഴിയില്ലെന്നറിയിച്ചതും നടപടിക്ക് കാരണമായി പറയുന്നു. ഇത് ജനാധിപത്യക്രമത്തിന് വിരുദ്ധമാണ്.