കൊച്ചി: കോർപ്പറേഷനിലെ പദ്ധതിവിഹിതം അടിയന്തരമായി അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനകീയാസൂത്രണ പദ്ധതിയിൽ റോഡ് ഇനത്തിൽ 27 കോടിയുടെ പദ്ധതിയാണ് കോർപ്പറേഷൻ ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടു ഗഡുക്കളായി പദ്ധതി വിഹിതം എട്ടു കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. കുടിശിക ഒരു കോടി കടന്നതോടെ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ മടിക്കുന്നു.

ബില്ല് ലഭിക്കാത്തതു കൊണ്ട് ഏറ്റെടുത്ത പദ്ധതികൾ ആരംഭിക്കാൻ കരാറുകാർക്ക് കഴിയുന്നില്ലെന്ന് പ്രതിപക്ഷം പറയുന്നു. പദ്ധതികളുടെ കാലാവധി തീരാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കേ 19 കോടി രൂപയാണ് പദ്ധതി വിഹിതമായി സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ ഇതെല്ലാം സ്പിൽ ഓവർ പദ്ധതികളായി മാറും. ഇത് നഗരത്തിലെ റോഡുകളുടെ വികസനപ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിക്കും. പദ്ധതിവിഹിതം അടിയന്തരമായി അനുവദിക്കണമെന്ന് മേയർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം. ജി. അരിസ്റ്റോട്ടിലും ആവശ്യപ്പെട്ടു.