ആലുവ: പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ കൊവിഡ് പരിശോധനാഫലം വൈകുന്നതിനെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് അൻവർ സാദത്ത് എം.എൽ.എ കത്ത് നൽകി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയാൽ 10മുതൽ 15 ദിവസംവരെ കഴിഞ്ഞാണ് ഫലം ലഭിക്കുന്നത്.
ഫലം ലഭിക്കുന്നത് വൈകുമ്പോൾ നെഗറ്റീവാണെന്ന ധാരണയിൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പുറത്തേക്കിറങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാകുകയാണ്. പോസിറ്റീവായവർ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഒരാഴ്ചമാത്രം റൂം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് പരിശോധനാഫലത്തിന് രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി സ്ഥിതി.
പരിശോധനാകേന്ദ്രങ്ങളിൽ ആവശ്യമായ ജീവനക്കാരില്ലാത്തതും കൊവിഡ് വ്യാപനവുമാണ് ഫലം വൈകിപ്പിക്കാൻ ഇടയാക്കുന്നത്. ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകണം. ആഴ്ച്ചകളായി തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കൂലിപ്പണിക്കാരായ സാധാരണക്കാരാണ് ദുരിതത്തിലാകുന്നത്. ദിവസങ്ങളോളം ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നത് മുഴുപ്പട്ടിണിക്ക് വഴിയൊരുക്കുമെന്നും അൻവർ സാദത്ത് എം.എൽ.എ ചൂണ്ടിക്കാട്ടി.