ആലുവ: ഭൂഗർഭപൈപ്പ് സ്ഥാപിക്കൽ കഴിഞ്ഞിട്ടും റോഡിൽ അവശേഷിച്ച മണ്ണുംചെളിയും നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
ആലുവ ബാങ്കുകവല മുതൽ പമ്പുകവലവരെ ഭൂഗർഭപൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചതിന്റെ മണ്ണും ചെളിയും ആഴ്ച്ചകളായി കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനാൽ വ്യാപാരികളും വഴിയാത്രക്കാരും ദുരിതമനുഭവിക്കുന്നു. കനത്ത പൊടിശല്യവും ഗതാഗതക്കുരുക്കുമുണ്ട്. ഇത് സംബന്ധിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണ് നീക്കാൻ അടിയന്തര നടപടി വേണമെന്ന് അൻവർ സാദത്ത് എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടൻ പരിഹരിക്കുമെന്ന് ഉറപ്പും നൽകി. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് എക്‌സിക്യുട്ടീവ് എൻജിനീയറെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ഉപരോധിച്ചത്.
അടിയന്തരമായി മണ്ണും ചെളിയും നീക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി സമരക്കാർ അറിയിച്ചു. വാക്ക് പാലിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസിന് മുമ്പിൽ മണ്ണ് കൊണ്ടുവന്ന് നിക്ഷേപിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, സിറാജ് ചേനക്കര, സി.സി. സജീന്ദ്രൻ, പി.എച്ച്.എം. ത്വൽഹത്ത്, അമീർഷാ, അനൂപ് ശിവശക്തി തുടങ്ങിയവർ നേതൃത്വം നൽകി.