
കൊച്ചി: ആഴക്കടലിന്റെ അറിവുകൾ തേടിയുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) യാത്രയ്ക്ക് 75 വയസ്. കടലിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പ് മുതൽ ഔഷധ നിർമ്മാണം വരെ നീളുന്ന ഗവേഷണങ്ങൾ നടത്തുന്ന സി.എം.എഫ്.ആർ.ഐ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. 1947ൽ ഫെബ്രുവരി മൂന്നിന് മറൈൻ ഫിഷറീസ് റിസർച്ച് സ്റ്റേഷൻ എന്ന പേരിൽ മദ്രാസ് യൂണിവേഴ്സിറ്റിക്ക് കീഴിൽ മദ്രാസിലാണ് തുടക്കം. പിന്നീട് ആസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ലോഗോയും ഗാനവും പ്രകാശനം ചെയ്തു.