കാലടി: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടത്തിന്റെ നേർക്കാഴ്ചകളൊരുക്കി സി.പി.എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി ശ്രദ്ധേയമാകുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പ്രചാരണം ജനശ്രദ്ധയാകർഷിക്കുന്നു. കാലടി - ആലുവ റോഡിൽ ചെങ്ങലിൽ വർക്ക്ഷോപ്പിന്റെ ഭിത്തിയിലെ പെയിന്റിംഗ് വേറിട്ടുനിൽക്കുന്നു. വീടിന്റെ ആകൃതിയിലാണ് പ്രചാരണം. സർക്കാരിന്റെ വികസനനേട്ടങ്ങൾ ചിത്രത്തിന്റെ വശങ്ങളിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 16 അടി ഉയരത്തിലും 28 അടി വീതിയിലുമുള്ള പ്രചാരണദൃശ്യത്തിൽ പാർട്ടിയുടെ മുൻകാല നേതാക്കൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. പി. കൃഷ്ണപിള്ള, എ.കെ. ജി, ഇ.എം.എസ്, ഇ. കെ. നായനാർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ഛായാചിത്രവുമുണ്ട്. ലോക്കൽ സെക്രട്ടറി ബിനോയി, സാജു, ഗീരീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.