കോതമംഗലം: ആലുവ - മൂന്നാർറോഡ് നാലുവരിയാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ആലുവ - മുതൽ കോതമംഗലം കോഴിപ്പിള്ളി ബിഷപ്പ്‌ ഹൗസ് ജംഗ്ഷൻവരെയുള്ള റോഡിന്റെ ദൈർഘ്യം 38 കിലോമീറ്ററാണ്. ഒന്നാം പിണറായി സർക്കാരാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി പ്രഖ്യാപിച്ചത്. 23 മീറ്റർ വീതിയിൽ നാല് വരിയായാണ് റോഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വളവുകൾ പരമാവധി ഒഴിവാക്കാൻ കഴിയുന്ന വിധമാണ് അലൈൻമെന്റ് തയ്യാറാക്കി വരുന്നത്. തങ്കളം - മലയിൻകീഴ് ബൈപ്പാസും മലയിൻകീഴ് - കോഴിപ്പിള്ളി ബൈപ്പാസും ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 1051കോടി രൂപയുടെ പദ്ധതിയാണ്. റോഡിന്റെ ഫൈനൽ അലൈൻമെന്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി കോതമംഗലം നിയോജക മണ്ഡലത്തിൽവരുന്ന പ്രദേശങ്ങളിൽ ആന്റണി ജോൺ എം എൽ എയുടെ നേതൃത്വത്തിൽ ഉന്നതതലസംഘം സ്ഥലപരിശോധന നടത്തി.