
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ ഡി.ജി.പി ബി.സന്ധ്യ മുതൽ അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് വരെയുള്ളവർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വധഗൂഢാലോചന കേസെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ. വ്യാജ തെളിവുകളും കഥകളും കൂട്ടിച്ചേർത്ത് കെട്ടിച്ചമച്ച കേസാണിത്.
അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് ദിലീപിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് പി. ഗോപിനാഥ് ഹർജികൾ പ്രോസിക്യൂഷന്റെ വാദത്തിനായി ഇന്ന് പരിഗണിക്കാൻ മാറ്റി. ഈ കേസ് ലോക്കൽ പൊലീസ് അന്വേഷിക്കാതെ നേരിട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെങ്ങനെയെന്ന് വാദത്തിനിടെ സിംഗിൾബെഞ്ച് ചോദിച്ചു.
ദിലീപിന്റെ വാദങ്ങൾ
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലും രണ്ടു മൊഴികളിലും വൈരുദ്ധ്യങ്ങളുണ്ട്.
എസ്.പിയായിരുന്ന എ.വി. ജോർജ് മാദ്ധ്യമങ്ങളോടു സംസാരിക്കുന്ന യു ട്യൂബ് ദൃശ്യം നോക്കി 'നിങ്ങൾ അനുഭവിക്കുമെന്ന് പറഞ്ഞതായി' പരാതിയിൽ പറയുന്നു. മൊഴി രേഖപ്പെടുത്തിയപ്പോൾ അന്നത്തെ എ.ഡി.ജി.പി ബി.സന്ധ്യ ഉൾപ്പെടെയുള്ളവരെ വകവരുത്തുമെന്നു പറഞ്ഞെന്നായി.
തന്നെ മർദ്ദിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്ന സുദർശന്റെ കൈവെട്ടണമെന്നു പറഞ്ഞെന്ന് ആരോപണമുണ്ട്. തന്നെ ആരും മർദ്ദിച്ചിട്ടില്ല. ഓരോ മൊഴിയിലും കഥകൾ കൂട്ടിച്ചേർത്തു.
ബാലചന്ദ്രകുമാർ സംഭാഷണം റെക്കാഡ് ചെയ്ത സാംസംഗ് ടാബോ, അത് കേടായപ്പോൾ പകർത്തിയെന്ന് പറയുന്ന ലാപ്ടോപ്പോ കണ്ടെടുത്തിട്ടില്ല. പെൻഡ്രൈവാണ് ഹാജരാക്കിയത്. ഇതെങ്ങനെ തെളിവാകും?
തനിക്ക് 19 ലക്ഷം രൂപ കടമുണ്ടെന്നും കടക്കാരെ വിളിച്ച് സാവകാശം വാങ്ങിക്കൊടുക്കണമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. ഇവരെ വിശ്വസിപ്പിക്കാൻ ഒരുസിനിമ അനൗൺസ് ചെയ്യാനും ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതിലുള്ള പ്രതികാരമാണ് ആരോപണങ്ങൾ.
ഒരു വി.ഐ.പിയുണ്ടെന്ന് പറഞ്ഞിരുന്നു. പറ്റിയ ഒരാളെ മാപ്പുസാക്ഷിയാക്കാൻ കിട്ടാത്തതിനാലാണ് അന്വേഷണ സംഘം ഇപ്പോൾ മിണ്ടാത്തത്.
താൻ പറഞ്ഞ വാക്കുകൾ കേട്ടു നിന്ന അപ്പു, ബൈജു എന്നിവരെ പ്രതികളാക്കി. ബാലചന്ദ്രകുമാറിനെ പ്രതിയാക്കിയില്ല.
കേസ് നിലനിൽക്കില്ലെന്നു കണ്ടതോടെയാണ് തന്നെ അറസ്റ്റുചെയ്ത് കൂടുതൽ തെളിവുണ്ടാക്കാൻ കള്ളക്കേസ് ചമച്ചത്. നടൻ മണിയുടെ സഹോദരനെ വകവരുത്താൻ ശ്രമിച്ചു എന്നതടക്കം കേസുകൾ കെട്ടിച്ചമച്ചിരുന്നു. ഇപ്പോൾ മറ്റൊരു കൊലപാതകത്തിന്റെ കാര്യവും പറഞ്ഞുവരുന്നുണ്ട്.
എങ്ങനെ 'തട്ടണം', ദിലീപിന്റെ
ശബ്ദരേഖ പുറത്തുവിടും: ബാലചന്ദ്രകുമാർ
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് സഹോദരൻ അനൂപിന് നിർദ്ദേശം നൽകുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ. ഹൈക്കോടതിയിൽ ഇന്നലെ ദിലീപിന്റെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങൾ തള്ളി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെ 'തട്ടണ'മെന്നും എങ്ങനെ കേസ് മറികടക്കണമെന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ നൽകിയത് റെക്കാഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇതടക്കമുള്ള തെളിവുകളാണ് അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറിയത്. പുറത്തുവന്ന വിവരങ്ങൾ മാത്രം അറിഞ്ഞാണ് ദിലീപിന്റെ അഭിഭാഷകൻ 'ശാപവാക്കിൽ' മാത്രം ചുറ്രിത്തിരിയുന്നത്. താൻ അയച്ചെന്ന് പറയുന്ന ശബ്ദസംഭാഷണം ദിലീപ് പുറത്തുവിടുമെന്ന് പറയുന്നുണ്ട്. അദ്ദേഹം അത് പുറത്തുവിടണം. അപ്പോൾ താനും ഈ ശബ്ദറെക്കാഡ് പുറത്തുവിടും.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കഴമ്പില്ലാത്തതാണ്. 2021 നവംബർ 25നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തൊട്ടടുത്ത മാസം 25ന് മാദ്ധ്യമങ്ങൾ വഴി വിവരങ്ങൾ പുറത്തുവന്നു. 27ന് നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. അന്വേഷണോദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയിട്ടില്ല. റെക്കാഡ് ചെയ്യാൻ ഉപയോഗിച്ച ഡിവൈസുകളെല്ലാം ഹാജരാക്കിയിട്ടുണ്ട്. അവ ശാസ്ത്രീയമായി പരിശോധിക്കുമ്പോൾ ദിലീപിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയും. ദിലീപ് ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയാണ്. അന്വേഷണ സംഘത്തിന് കൈമാറിയതിൽ ഭൂരിഭാഗം വിവരങ്ങളും പുറത്തുവന്നിട്ടില്ല. തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട് - ബാലചന്ദ്രകുമാർ പറഞ്ഞു.
*പരാതിക്കാരൻ തന്നെ കേസ് അന്വേഷിക്കുന്നു *
തുടരന്വേഷണം റദ്ദാക്കാൻ
ദിലീപിന്റെ ഹർജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് പരിഗണിച്ചേക്കും. അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനു തന്നോടുള്ള വ്യക്തി വിരോധമാണ് തുടരന്വേഷണത്തിന് കാരണമെന്ന് ദിലീപിന്റെ ഹർജിയിൽ ആരോപിക്കുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചനക്കേസിലെ പരാതിക്കാരനാണ് ബൈജു പൗലോസ്. അങ്ങനെയൊരു ഉദ്യോഗസ്ഥൻ എങ്ങനെയാണ് തുടരന്വേഷണം നീതിയുക്തമായി നടത്തുക? അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തനിക്കു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും പ്രതി ചേർത്തു. ബൈജു പൗലോസിനു തന്നോടുള്ള വൈരാഗ്യമാണ് ഇതിനു പിന്നിൽ. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നു വന്നതോടെയാണ് വ്യാജ തെളിവുണ്ടാക്കി തുടരന്വേഷണം നടത്തുന്നത്. വിചാരണക്കോടതിയുടെ അനുമതി ലഭിക്കുന്നതിനു മുമ്പു തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ സ്വന്തം നിലയ്ക്ക് തുടരന്വേഷണം തുടങ്ങി. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. തുടരന്വേഷണം പൂർത്തിയാക്കാൻ ആറു മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ടത് ഇതിനു തെളിവാണെന്നും ഹർജിയിൽ പറയുന്നു.
ഫോണുകൾ തിരുവനന്തപുരം
ഫോറൻസിക് ലാബിലേക്ക്
ശബ്ദ സാമ്പിൾ: പ്രതികൾക്ക് നോട്ടീസ്
ആലുവ: അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറ് മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്ക്കാൻ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഉത്തരവിട്ടു.
അൺലോക്ക് പാറ്റേൺ ഉറപ്പാക്കാൻ ഫോൺ കോടതിയിൽ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അനുവദിച്ചില്ല. സംസ്ഥാനത്തിനു പുറത്ത് ഫോണുകൾ പരിശോധിക്കണമെന്ന പ്രതികളുടെ ആവശ്യവും നിരാകരിച്ചു.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദപരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ ഇന്ന് നോട്ടീസ് അയയ്ക്കും.
ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയത്. ഇന്നലെ രാവിലെ ശബ്ദപരിശോധനയ്ക്കായും എസ്.ഐ സാബു അപേക്ഷ സമർപ്പിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രതികളെ വിളിച്ചുവരുത്തി ശബ്ദസാമ്പിൾ ശേഖരിക്കാനാണ് സാദ്ധ്യത.
എട്ടേക്കർ പള്ളിയിൽ
പ്രാർത്ഥിച്ച് ദിലീപ്
ആലുവ: ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ഇന്നലെ പുലർച്ചെ ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിൽ നടൻ ദിലീപ് പ്രാർത്ഥനയ്ക്കെത്തി. 5.45ന് നൊവേനയിലും പങ്കെടുത്തു. സ്തൂപത്തിന് മുമ്പിൽ മെഴുകുതിരി തെളിച്ച്, മാല ചാർത്തി പ്രാർത്ഥനാനിരതനായി. 15ൽ താഴെ വിശ്വാസികൾ മാത്രമാണ് പള്ളിയിൽ അപ്പോൾ ഉണ്ടായിരുന്നത്. ഡ്രൈവറും സഹായിയും ദിലീപിനെ അനുഗമിച്ചു. 10 മിനിറ്റിനകം മടങ്ങി. നടിയെ ആക്രമിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ദിലീപ് ഇവിടെ പ്രാർത്ഥനയ്ക്കെത്തിയിരുന്നു.