ഫോർട്ടുകൊച്ചി: നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ കൽവത്തി പാലം പൊളിച്ച് പുതിയത് നിർമ്മിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ജോലികൾ എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിൽ ജനരോഷം രൂക്ഷമായി. ഇതിനോടകം തന്നെ നിരവധി പേർ അപകടത്തിൽപ്പെട്ടു. കൽവത്തി ചുങ്കം പാലത്തിർന്റെ നവീകരണപ്രവർത്തനങ്ങൾ നിലച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തി.

ചരിത്രം നിലനിർത്തി പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊച്ചി സ്മാർട്ട് മിഷനാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ കഴിഞ്ഞ നാല് മാസങ്ങളായി പ്രവർത്തനങ്ങൾ നിലച്ചു. പാലത്തിന്റെ പകുതി ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ച പത്രം വിതരണക്കാരനായ യുവാവ് സൈക്കിളിൽ നിന്നും പൊളിച്ച ഭാഗത്തെ കുഴിയിലേക്ക് വീണ് പരിക്കേറ്റിരുന്നു. ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലകളെ ബന്ധിപ്പിക്കുന്ന പാലം പൊളിച്ചിട്ടിരിക്കുന്നത് മൂലം ജനം വലയുകയാണ്. ജനകീയസമിതി കൺവീനർ എ.ജലാൽ , കെ.എ.മുജീബ് റഹ്മാൻ എന്നിവർ പ്രതിഷേധസമരത്തിന് നേതൃത്വം നൽകി. അടിയന്തരമായി പാലം പുനർനിർമ്മിക്കാത്ത പക്ഷം കൂടുതൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.