ആലങ്ങാട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ ഓഫീസർ എ.എം. ഹാരിസിന്റെ ആലുവ തിരുവാലൂരിലെ ഫ്ലാറ്റിൽ വീണ്ടും വിജിലൻസ് റെയ്ഡ്. എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ സ്ഥലമിടപാട് ഉൾപ്പെടെ സുപ്രധാന രേഖകൾ പിടിച്ചെടുത്തു. അറസ്റ്റിന് പിന്നാലെ ഈ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ 17 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറുകളിലാക്കിയ നോട്ടുകെട്ടുകൾ ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിനറ്റിന്റെ അടിയിലും മറ്റും ഒളിപ്പിച്ചിരിക്കുകയായിരുന്നു. അന്ന് പിടിച്ചെടുത്ത തെളിവുകൾക്ക് ബലം നൽകുന്ന രേഖകളാണ് ഇന്നലെ കണ്ടെത്തിയത്. ഇവ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡിസംബറിൽ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസിന് വിജിലൻസിന്റെ പിടിയിലായത്. കോട്ടയം പ്രവിത്താനത്തെ ഒരു ടയർ റീട്രെഡിംഗ് കമ്പനിയുടെ നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകാൻ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥാപനമുടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസ് കിഴക്കൻമേഖല സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹാരിസിനെ പിടികൂടിയത്.