കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച സീഡിംഗ് കേരള ഉച്ചകോടിയിൽ സ്റ്റാർട്ടപ്പുകൾക്ക് 80 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 13 സ്റ്റാർട്ടപ്പുകൾക്കാണ് നിക്ഷേപം ലഭിക്കുക. എയ്ഞ്ചൽ നിക്ഷേപങ്ങളെക്കുറിച്ച് അവബോധം വളർത്താനും സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ബംബെറി, കുക്ക്ഡ്, സഫയർ, ഷിപ്‌നെക്സ്റ്റ്, ഷോപ് കണക്ട്, ഹൈറോ, ടിയാ, ആസ്‌ട്രെക് ഇന്നവേഷൻസ്, മെസെഞ്ച്വറിഫൈ, പ്രീമാജിക്, ഫിൻസാൾ, അഗ്‌നികുൽ, യു.ബി ഫ്‌ളൈ എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് നിക്ഷേപം ലഭിക്കുക.
സ്‌പെഷ്യാൽ ഇൻവെസ്റ്റ് ഫണ്ട്, സീഫണ്ട്, കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക്, മലബാർ എയ്ഞ്ചൽ നെറ്റ്‌വർക്ക്, ഇന്ത്യൻ എയ്ഞ്ചൽ നെറ്റ്‌വർക്ക്, ഐ.എ.എൻ എന്നീ ഫണ്ടുകളും വി.കെ. മാത്യൂസ്, രവീന്ദ്രനാഥ് കമ്മത്ത്, നവാസ് മീരാൻ, രാജേഷ് പടിഞ്ഞാറേമഠം എന്നീ ഹൈനെറ്റ്‌വർത്ത് വ്യക്തികളുമാണ് നിക്ഷേപം നടത്തുക.
രണ്ട് ദിവസമായി നടന്ന സീഡിംഗ് കേരളയിൽ 46 നിക്ഷേപകരാണ് പങ്കെടുത്തത്. 30 കോർപ്പറേറ്റ് സ്ഥാപനങ്ങൾ, 36 സ്റ്റാർട്ടപ്പ് സ്ഥാപകർ, ഹൈനെറ്റ്‌വർത്ത് വ്യക്തികൾ എന്നിവരും പങ്കെടുത്തു.
നഷ്ടസാദ്ധ്യത കുറഞ്ഞ ഫണ്ട് ഒഫ് ഫണ്ട് നിക്ഷേപ പദ്ധതികൾക്ക് താല്പര്യപത്രം ക്ഷണിക്കാനും ഉച്ചകോടി തീരുമാനിച്ചു. നിക്ഷേപകരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ അറിയിച്ചു.