
തൃക്കാക്കര: വേനൽ അതികഠിനമായതോടെ ജില്ലയിൽ ഇക്കുറിയും കുടിനീർ ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക.
ജില്ലയുടെ വിവിധ മേഖലകളിലെ ശുദ്ധജല സ്രോതസുകളിൽ പലതും വേണ്ടത്ര വെള്ളമില്ലാത്തതിനാൽ വറ്റിത്തുടങ്ങി. പൊതുകിണറുകൾ മിക്കതും കാടുകയറിയും പായൽമൂടിയും ഉപയോഗശൂന്യമായി.
ത്രിതല പഞ്ചായത്തുകളുടെ കീഴിലെ നൂറുകണക്കിന് പൊതുകിണറുകളാണ് ഉപയോഗിക്കാത്തതുമൂലം മാലിന്യക്കുഴികളായത്. നഗരസഭകളിലെ ഇത്തരം കിണറുകകളിൽ പലതിലും വെള്ളമുണ്ടെങ്കിലും മാലിന്യംനിറഞ്ഞ് ഉപയോഗശൂന്യമാണ്. പൊതുകിണറുകളുടെ ആഴം വർദ്ധിപ്പിച്ച് സംരക്ഷിക്കപ്പെട്ടാൽ വാർഡുതല കുടിനീർ ക്ഷാമത്തിന് പരിഹാരമാവുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ, ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ മേഖലകളിലെ പൊതുകിണറുകളിൽ നല്ലൊരു ശതമാനവും ദീർഘകാലങ്ങളായി ഉപയോഗിക്കുന്നവയല്ല.
കനാലുകളും മാലിന്യവാഹിനികളായി മാറിയിരിക്കുന്നു. കുടിവെള്ള ടാങ്കറുകളിൽ ജലമെത്തിച്ച് വരൾച്ച നേരിടാനുള്ള ശ്രമങ്ങളും വേണ്ടത്ര വിജയിച്ചിട്ടില്ല. ഫ്ലാറ്റുകൾ, വൻകിട ഹോട്ടലുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെല്ലാം ടാങ്കറുകളാണ് ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളത്തിന് ആവശ്യക്കാരുടെ എണ്ണം പെരുകിയിട്ടുണ്ട്.
പൊതുകിണറുകൾ ശുചീകരിച്ച് ഉപയോഗപ്പെടുത്തിയാൽ ജില്ലയിലെ കുടിനീർ ക്ഷാമത്തിന് പരിഹാരമാവുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് പൊതുകിണറുകൾ നവീകരിക്കണം. തൃക്കാക്കര നഗരസഭയുടെ 43 ഡിവിഷനുകളിലായി 150ലധികം കിണറുകൾ ഉപയോഗിക്കപ്പെടുന്നില്ല. ടാങ്കർ ലോറികളിൽ കുടിനീരെത്തിക്കാൻ കോടിക്കണക്കിന് രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്നത്.