
മരട്: ചുവർചിത്ര രചനയിൽ വർഷങ്ങളുടെ തപസ്യയുമായി വിസ്‌മയം സൃഷ്‌ടിച്ച് ശ്രദ്ധനേടുകയാണ് അനു നെടുവന്നൂർ എന്ന കലാകാരി. 18 വർഷമായി മ്യൂറൽ പെയിന്റിംഗിൽ സജീവമാണ് അനു. രചന അഭ്യസിച്ചിട്ടുള്ള ഭർത്താവ് പറവൂർ പറയാട്ട് പറമ്പിൽ ഷിബുവും അനുവിന് കൂട്ടായുണ്ട്. ചെങ്ങന്നൂർ കൃഷ്ണൻകുട്ടൻ വാര്യർ, മമ്മിയൂർ അപ്പുക്കുട്ടൻ കോട്ടപ്പടി എന്നിവരുടെ ശിക്ഷണത്തിലാണ് അനു ചുവർചിത്രരചന സ്വായത്തമാക്കിയത്.
വൈക്കം വടയാർ സമൂഹം സരസ്വതി ക്ഷേത്രത്തിൽ 10 അടി ഉയരത്തിൽ അനു തയ്യാറാക്കിയ ചിത്രമാണ് ഏറ്റവും ശ്രദ്ധേയം. അക്രിലിക് പെയിന്റിലാണ് അനു ചുവർചിത്രങ്ങൾ പരമ്പരാഗത ശൈലിയിൽ രചിക്കുന്നത്. മഞ്ഞ, പച്ച, ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളും അവയുടെ നിറവ്യത്യാസങ്ങളുമാണ് പ്രധാന കൂട്ടുകൾ. ചിത്രകലയിൽ ഡിപ്ലോമയുള്ള അനു ആലുവയിൽ അമൃത സ്കൂൾ ഒഫ് ആർട്സ് എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഇവിടെ ഇരുപതിലധികം പേർ ചുവർ ചിത്രരചന പഠിക്കുന്നു.
ആലപ്പുഴ നെടുമുടി തെക്കേമുറി ഭദ്രാദേവി ക്ഷേത്രം, നെടുവന്നൂർ ഘണ്ടാകർണ്ണക്ഷേത്രം, നെട്ടൂർ തെക്കേ പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രം, വൈക്കം വടയാർ സമൂഹം സരസ്വതി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിൽ അനു ചുവർ ചിത്രരചന നടത്തിയിട്ടുണ്ട്.
ചിത്രങ്ങളുടെ പുതിയലോകം
ഒരു വർഷമായി നെട്ടൂർ തെക്കേ പാട്ടുപുരയ്ക്കൽ ഭഗവതിക്ഷേത്രത്തിലെ വാതിൽമാടത്തിൽ അനുവും ഭർത്താവും ചേർന്ന് ചിത്രരചന നടത്തുകയാണ്. ക്ഷേത്രത്തിൽ ആദ്യം മൂർത്തിയെയും പിന്നീട് അനുബന്ധ ചിത്രങ്ങളും തയ്യാറാക്കുകയാണ് പതിവ്. പെൻസിൽ ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കിയശേഷം ബ്രഷ് ഉപയോഗിച്ച് യോജിക്കുന്ന നിറം നൽകും. ക്ഷേത്രത്തിൽ 14 ചിത്രങ്ങൾ തയ്യാറായിക്കഴിഞ്ഞു.