
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനും അംഗങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം വലിയ വിവാദത്തിലും അപവാദത്തിലുമാണ് പെട്ടിരിക്കുന്നത്. പ്രതിപക്ഷം നിർദിഷ്ട ഭേദഗതിയെ അതിശക്തമായി വിമർശിക്കുന്നു. ഓർഡിനൻസിന് അംഗീകാരം നൽകരുതെന്ന് ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി.പി.ഐയ്ക്കു പോലും ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരുന്നതിനോടു വിയോജിപ്പാണ്. അവരത് തുറന്നുപറഞ്ഞിരിക്കുന്നു. ഇടതുപക്ഷ മുന്നണിയോട് അനുഭാവമുള്ള സ്വതന്ത്രചിന്തകരും ഏറക്കുറെ അതേ അഭിപ്രായക്കാരാണ്. സർക്കാരാണെങ്കിൽ ഓർഡിനൻസുമായി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നു. അതേസമയം ലോകായുക്ത ഉത്തരവുപ്രകാരം രാജിവയ്‌ക്കേണ്ടിവന്ന മുൻമന്ത്രി കെ.ടി. ജലീൽ ലോകായുക്തയ്‌ക്കെതിരെ വ്യക്തിപരമായ ആക്ഷേപവും അധിക്ഷേപവുമായി മുന്നേറുന്നു.
പാശ്ചാത്യരാജ്യങ്ങളിൽ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ഓംബുഡ്‌സ്‌മാന്റെ മാതൃകയിലാണ് നമ്മുടെ നാട്ടിൽ ലോകായുക്ത എന്ന സ്ഥാപനം ഉരുത്തിരിഞ്ഞത്. പൊതുപ്രവർത്തകരുടെ അഴിമതി തടയുകയാണ് സംവിധാനത്തിന്റെ ഉദ്ദേശ്യം. സ്കാൻഡിനേവിയൻ രാജ്യങ്ങളിലൊക്കെ ഓംബുഡ്‌സ്‌മാൻ കാര്യക്ഷമമാണ്. അതുകൊണ്ട് അവിടെ സർക്കാർതലത്തിൽ അഴിമതി അത്യപൂർവവുമാണ്. അതിവികസിതമായ മുതലാളിത്ത രാജ്യങ്ങളിൽ പൊതുപ്രവർത്തകർ, പ്രത്യേകിച്ച് ഭരണാധികാരികൾ തീരെയും അഴിമതിക്കാരല്ല. കാരണം അവിടെ ജനാധിപത്യം പദവിയെക്കാളുപരി വലിയ ഉത്തരവാദിത്വമാണ് ഭരണാധികാരികൾക്ക് നൽകുന്നത്. പക്ഷേ, ഇന്ത്യപോലെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ ജനാധിപത്യം അവിഹിത മാർഗങ്ങളിലൂടെ പണമുണ്ടാക്കാനുള്ള സുവർണാവസരമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം കിട്ടി ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ജനങ്ങൾക്കുള്ള മതിപ്പും വിശ്വാസവും നഷ്ടപ്പെടുകയും അഴിമതിക്കാരുടെ സങ്കേതമായി രാഷ്ട്രീയം മാറുകയും ചെയ്തു. അങ്ങനെയൊരു കാലത്താണ് അഴിമതി തടയാൻ ഓംബുഡ്‌സ്‌മാൻ മാതൃകയിലുള്ള സംവിധാനത്തെക്കുറിച്ച് നമ്മുടെ നാട്ടിലും ആലോചനയുണ്ടായത്.
കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന 1982 - 87 കാലത്താണ് കേരളത്തിൽ പൊതുപ്രവർത്തകരുടെ അഴിമതി തടയാനൊരു സംവിധാനം ആദ്യമായി നിലവിൽ വന്നത്. 1983 ൽ കേരള പൊതുപ്രവർത്തക (അഴിമതി നിരോധന) നിയമം പാസായി. അതിന്റെ അടിസ്ഥാനത്തിൽ മൂന്നംഗ കമ്മിഷനും രൂപീകരിക്കപ്പെട്ടു. ഹൈക്കോടതിയിൽ നിന്ന് റിട്ടയർചെയ്ത രണ്ട് ജഡ്ജിമാരും ഒരു ഗവൺമെന്റ് സെക്രട്ടറിയുമായിരുന്നു അംഗങ്ങൾ. കമ്മിഷന്റെ പ്രവർത്തനം കുറേയൊക്കെ ഫലപ്രദമായിരുന്നുതാനും. അഴിമതിനിരോധന നിയമത്തിന്റെ ആദ്യ ഇര അന്നത്തെ എക്സൈസ് മന്ത്രി എൻ. ശ്രീനിവാസനായിരുന്നു. അദ്ദേഹം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കമ്മിഷൻ കണ്ടെത്തി. അന്തിമറിപ്പോർട്ട് വരെ കാത്തിരിക്കാൻ പറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി കരുണാകരൻ സ്വീകരിച്ചത്. അതേത്തുടർന്ന് 1986 മേയ് 30 ന് ശ്രീനിവാസൻ രാജിവെച്ചു. എക്സൈസ് വകുപ്പ് കടവൂർ ശിവദാസനെ ഏൽപിച്ചു. കമ്മിഷന്റെ അന്തിമ ഉത്തരവും ശ്രീനിവാസനെതിരായിരുന്നു. അദ്ദേഹത്തിന്റെ പ്രായാധിക്യവും രോഗാവസ്ഥയും പരിഗണിച്ച് ശിക്ഷാ നടപടികളിൽ നിന്നൊഴിവാക്കി എന്നുമാത്രം. 1987 ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് പാസാക്കിയ അഴിമതി നിരോധനനിയമം അപര്യാപ്തമെന്ന് കണ്ട് അവർ പുതിയ നിയമം പാസാക്കി. 1987 ൽ വിപുലമായ അധികാരങ്ങളോടെ പുതിയ അഴിമതി നിരോധന കമ്മിഷൻ നിലവിൽ വന്നു. റിട്ടയർചെയ്ത രണ്ട് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ അഭിഭാഷകനുമായിരുന്നു അംഗങ്ങൾ. ഇടതുപക്ഷ ഭരണത്തിൽ അഴിമതി കുറവായിരുന്നതുകൊണ്ടോ എന്തോ കാര്യമായ പരാതികളൊന്നും കമ്മിഷനു മുന്നിൽ വന്നില്ല. അതുകൊണ്ടു തന്നെ ഒരു മന്ത്രിക്കും രാജിവെക്കേണ്ടതായും വന്നില്ല. പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരും അതേ സംവിധാനവുമായി മുന്നോട്ടുപോയി. അഴിമതി നിരോധന കമ്മിഷനിലെ അംഗങ്ങളും ചെയർമാനും മാറിയെന്നതല്ലാതെ കാര്യമായ അഴിച്ചുപണിയൊന്നും ഉണ്ടായില്ല.
1996 ൽ മൂന്നാമതും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അന്നു നിലവിലുള്ള അഴിമതി നിരോധന കമ്മിഷൻ പിരിച്ചുവിടുകയും സമഗ്രമായ പുതിയൊരു നിയമം പാസാക്കാൻ താത്പര്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് സംസ്ഥാനത്ത് ലോകായുക്തയും ഉപലോകായുക്തമാരും ഉണ്ടായത്. 1998 ൽ ഒരു ഓർഡിനൻസ് മുഖേന പുതിയ സംവിധാനം നിലവിൽവന്നു. അടുത്ത വർഷം അസംബ്ളിയിൽ ചർച്ചചെയ്ത് അത് നിയമരൂപത്തിൽ പാസാക്കി. ഗവർണർ പുറപ്പെടുവിച്ച ഓർഡിനൻസിലും തുടർന്ന് നിയമമന്ത്രി ഇ. ചന്ദ്രശേഖരൻ നായർ അവതരിപ്പിച്ച ബില്ലിലും ലോകായുക്തയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്ന വ്യവസ്ഥയാണുണ്ടായിരുന്നത്. എന്നാൽ സഭാതലത്തിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ഈ വ്യവസ്ഥയെ അപലപിച്ചു. ലോകായുക്തയുടെ തീരുമാനം സംസ്ഥാന സർക്കാരിന് ബാധകമാണെന്നും അത് ഏതെങ്കിലും തരത്തിൽ തിരുത്താനോ പരിഷ്കരിക്കാനോ പാടില്ലെന്നുമായിരുന്നു സഭയുടെ പൊതുവികാരം. നിയമമന്ത്രി ചന്ദ്രശേഖരൻ നായരും മുഖ്യമന്ത്രി നായനാരും വഴങ്ങി. അങ്ങനെ ഇപ്പോൾ നിലനിൽക്കുന്ന വിധത്തിൽ നിയമം പാസായി. ആകയാൽ ലോകായുക്ത അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടുപിടിക്കുന്നപക്ഷം അത് ഏതെങ്കിലും തരത്തിൽ ലഘൂകരിക്കാൻ സംസ്ഥാന സർക്കാരിന് സാദ്ധ്യമല്ല. ലോകായുക്തയുടെ തീരുമാനത്തിനുമേൽ ഏതെങ്കിലും കോടതിയിലേക്ക് അപ്പീലിനും വ്യവസ്ഥയില്ല. ആകെയുള്ളത് ഭരണഘടനയുടെ 226 -ാം അനുച്ഛേദപ്രകാരം റിട്ട് ഹർജി ബോധിപ്പിക്കാമെന്ന പോംവഴി മാത്രം. ഇപ്രകാരം ഒരു വ്യവസ്ഥയോടെ ലോകായുക്ത നിലവിൽ വന്നെങ്കിലും പറയത്തക്ക വെല്ലുവിളിയൊന്നും ആ സർക്കാരിനോ തുടർന്നുവന്ന സർക്കാരുകൾക്കോ നേരിടേണ്ടി വന്നില്ല. മിക്കവാറും എല്ലാ സന്ദർഭങ്ങളിലും ഭരണകക്ഷിക്കും സർക്കാരിനും അഭിമതരായ ന്യായാധിപന്മാരാണ് ലോകായുക്തയിൽ നിയമിതരായത്. അഴിമതി ഇല്ലാത്തതു കൊണ്ടല്ല, അഴിമതിക്കെതിരെ പരാതികൾ തീരെ കുറവായിരുന്നതുകൊണ്ടും ലോകായുക്ത സംവിധാനം തീരെ നിർവീര്യമായതുകൊണ്ടും കാര്യങ്ങൾ അങ്ങനെ മുന്നോട്ടുപോയി. 2011 - 2016 കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സഹമന്ത്രിമാർക്കുമെതിരെ ഗുരുതരമായ പരാതികൾ ലോകായുക്തയുടെ പരിഗണനയ്ക്കുവന്നു. പക്ഷേ, ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ല. 2011 ആഗസ്റ്റിലാണ് കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ലോകായുക്ത ശക്തമായ നടപടി കൈക്കൊണ്ടത്. ലോകായുക്തയുടെ ഉത്തരവിനെത്തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തു. ആ ഘട്ടത്തിൽ കേരളത്തിലെ ഇടതുമുന്നണി നേതാക്കൾ, പ്രത്യേകിച്ച് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കർണാടക മാതൃകയിൽ കേരളത്തിലെ ലോകായുക്തയ്‌ക്ക് വിപുലമായ അധികാരങ്ങൾ നൽകണമെന്ന് ശക്തമായി വാദിച്ചു. ലാേകായുക്തയെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം 2016 ൽ അധികാരമേറ്റ ഘട്ടത്തിൽ പറഞ്ഞിരുന്നത്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലും അങ്ങനെയൊരു വാഗ്ദാനമുണ്ടായിരുന്നു.
2016 മേയ് മാസത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയൻ ആ വാഗ്ദാനം സൗകര്യപൂർവം വിസ്മരിച്ചു. പ്രകടനപത്രികയിലുള്ള എല്ലാ വാഗ്ദാനങ്ങളും ഒറ്റയടിക്ക് നടപ്പാക്കാൻ സാധിക്കുകയുമില്ലല്ലോ? ഏതായാലും ലോകായുക്ത നിലവിലുള്ള അധികാരങ്ങളുമായി മുന്നോട്ടുപോയി. യു.ഡി.എഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ സ്ഥാനത്ത് എൽ.ഡി.എഫു തന്നെ നിയമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി വന്നപ്പോഴും സർക്കാർ അനർത്ഥമൊന്നും ഭയപ്പെട്ടില്ല. മുമ്പത്തെക്കാൾ വിധേയനായിരിക്കും പുതിയ ലോകായുക്തയെന്ന് അവർ ന്യായമായും പ്രതീക്ഷിച്ചു. ലോകായുക്തയുടെ മുന്നിൽ നിരവധി പരാതികൾ കെട്ടിക്കിടപ്പുണ്ടായിരുന്നു. അധികവും പൊതുപ്രവർത്തകരുടെ അഴിമതിയുമായി യാതൊരു ബന്ധമില്ലാത്ത കേസുകളായിരുന്നു. അല്ലെങ്കിൽ തികച്ചും സാങ്കല്പികമായ ആരോപണങ്ങൾ മാത്രമായിരുന്നു. പലപ്പോഴും തിരുവനന്തപുരത്തെ ചില സർക്കാരുദ്യോഗസ്ഥർ തങ്ങൾക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും വൈകുന്നത് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്മാരുടെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് ആരോപിച്ച് നല്‌കുന്ന പരാതികളായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും തീരുമാനിക്കാൻ യാതൊരു അധികാരവുമില്ലാതിരുന്നിട്ടും പലപ്പോഴും ലോകായുക്ത ഇതുപോലെയുള്ള വിഷയങ്ങളിൽ ഇടപെടുകയും നിയമപ്രകാരം നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു. കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത പാസാക്കിയ ഉത്തരവുകൾ പിൽക്കാലത്ത് കേരള ഹൈക്കോടതി റദ്ദാക്കി. അങ്ങനെ ആർക്കും ഒരുപദ്രവവുമില്ലാതെ ലോകായുക്ത മുന്നോട്ടു പോകുന്ന വേളയിലാണ് കോളിളക്കം സൃഷ്ടിച്ച കെ.ടി. ജലീലിന്റെ കേസ് ആവിർഭവിക്കുന്നത്.
ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രിയായിരുന്ന കെ.ടി. ജലീൽ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് പിതൃസഹോദര പുത്രനായ കെ.ടി. അദീബിനെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷൻ നൽകി സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന്റെ താക്കോൽസ്ഥാനത്ത് നിയമിച്ചത്. തികച്ചും സദുദ്ദേശ്യ പ്രേരിതമായാണ് അങ്ങനെ ചെയ്തതെന്നു മന്ത്രി ആണയിട്ടു പറഞ്ഞെങ്കിലും സംസ്ഥാനത്തെ മാദ്ധ്യമങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കും അത് തീരെ ബോദ്ധ്യമായില്ല. ജലീൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും കാണിച്ചെന്ന് ആരോപണമുണ്ടായി. മുമ്പ് ഇതുപോലൊരു സാഹചര്യത്തിൽ ഇ.പി. ജയരാജനെക്കൊണ്ട് രാജിവയ്‌പ്പിച്ച മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ പൊതുവിലും മുസ്ളിം ലീഗ് നേതാക്കൾ പ്രത്യേകിച്ചും ആവശ്യപ്പെട്ടു. അവർ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഹൈക്കോടതിയിലും ഏതാനും ഹർജികൾ നൽകി. ഒരിടത്തുനിന്നും അനുകൂല ഉത്തരവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ലോകായുക്തയിലും ഒരു പരാതി നൽകി. പരാതി കൊടുക്കുന്ന സമയത്ത് ജസ്റ്റിസ് പയസ് കുര്യാക്കോസായിരുന്നു ലോകായുക്ത. തുടർന്ന് ജസ്റ്റിസ് സിറിയക് ജോസഫ് സ്ഥാനമേറ്റു. അതോടെ നടപടികൾക്ക് വേഗത വർദ്ധിച്ചു. ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച ലോകായുക്ത ക്രമവിരുദ്ധമായാണ് മന്ത്രി തന്റെ പിതൃസഹോദര പുത്രനെ നിയമിച്ചതെന്ന് കണ്ടെത്തി. സർക്കാരും ജലീലും ഉന്നയിച്ച വിതണ്ഡ വാദങ്ങൾ തള്ളി. അപ്പോഴേക്കും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ഫലപ്രഖ്യാപനത്തിന് ഏതാനും നാളുകൾ ബാക്കിയുണ്ടായിരുന്നു. മന്ത്രി ജലീൽ നടത്തിയത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് കണ്ടെത്തിയ ലോകായുക്ത അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും ഉത്തരവിട്ടു. അത് ഇടതുപക്ഷ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ലോകായുക്തയുടെ ഉത്തരവ് വന്നശേഷവും ജലീൽ രാജിവയ്‌ക്കാൻ തയ്യാറായില്ല. അദ്ദേഹം റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. അവിടെയും സ്ഥിതി ആശാവഹമായിരുന്നില്ല. മന്ത്രി ഇതുവരെ രാജിവെച്ചില്ലേ എന്നാണ് ഹൈക്കോടതിയുടെ ആദ്യത്തെ ചോദ്യം. വാദം പൂർത്തീകരിക്കുന്നതിനു മുമ്പുതന്നെ ജലീൽ രാജിക്കത്തെഴുതി മുഖ്യമന്ത്രിയെ ഏൽപിച്ചു. മുഖ്യമന്ത്രി അതു ഗവർണർക്കും കൈമാറി. എന്നിട്ടും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് യാതൊരു ദാക്ഷിണ്യവുമുണ്ടായില്ല. ജലീലിന്റെ റിട്ട് ഹർജി ഫയലിൽ സ്വീകരിക്കുക പോലും ചെയ്യാതെ തള്ളി. ലോകായുക്തയുടെ ഉത്തരവിലുണ്ടായിരുന്നതിനെക്കാൾ നിശിതമായ പരാമർശങ്ങളാണ് ഹൈക്കോടതിയുടെ വിധിന്യായത്തിലുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ ജലീൽ കഷ്ടിച്ച് ജയിച്ചു. പക്ഷേ, ലോകായുക്തയുടെ ഉത്തരവും ഹൈക്കോടതിയുടെ വിധിയും നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ വി. അബ്ദുറഹ്മാൻ സംസ്ഥാന മന്ത്രിസഭയിൽ അംഗമായി. ജലീൽ ഭരണപക്ഷത്തെ പിൻബെഞ്ചുകാരനായി മാറി. അതിനുശേഷം അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. അവിടെയും ഗുണമുണ്ടായില്ലെന്നു മാത്രമല്ല, ഹർജി പിൻവലിക്കാൻ അദ്ദേഹം നിർബന്ധിതനുമായി. ജലീലിന്റെ വിധി സർക്കാരിന്റെ കണ്ണ് തുറപ്പിച്ചെന്നുവേണം കരുതാൻ. ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്യപ്പെടാതെ നടപ്പാക്കുന്നത് ഭരണവർഗത്തിന്റെ പൊതുതാത്പര്യത്തെ വിപരീതമായി ബാധിക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ലോകായുക്തയുടെ പല്ലും നഖവും പറിക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യം അഡ്വക്കേറ്റ് ജനറലിൽ നിന്ന് ഒരു നിയമോപദേശം എഴുതി വാങ്ങി. അതിന്റെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ സമക്ഷം സമർപ്പിച്ചു. മന്ത്രിസഭാംഗങ്ങൾ പോലും ഇതിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ഓർഡിനൻസ് തയ്യാറാക്കും മുമ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചർച്ചചെയ്യാനും തയ്യാറായില്ല. ഘടകകക്ഷി നേതാക്കൾ കൂടിയും ഇക്കാര്യത്തിൽ തീർത്തും അജ്ഞരായിരുന്നു. നിർദ്ദിഷ്ട ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് മുന്നിൽ സമർപ്പിച്ചശേഷമാണ് മാദ്ധ്യമങ്ങളിൽ വാർത്തവന്നത്. അതോടെ രാഷ്ട്രീയരംഗം ചൂടായി. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നത് മന്ത്രിമാർക്ക് അഴിമതി നടത്താനുള്ള സൗകര്യം മുൻനിറുത്തിയാണെന്നും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മറ്റുചില പ്രമാണിമാർക്കുമെതിരെ ലോകായുക്തയിൽ നിലവിലുള്ള കേസുകളെ ഭയപ്പെട്ടിട്ടാണെന്നും മാദ്ധ്യമങ്ങൾ അടിച്ചുവിട്ടു. പ്രതിപക്ഷ നേതാക്കൾ അതേറ്റുപിടിച്ചു. ടെലിവിഷൻ ചാനലുകളിൽ അത് അന്തിച്ചർച്ചയ്ക്കുള്ള ചൂടേറിയ വിഭവമായി. അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ സമ്പൂർണ മൗനംപാലിച്ചു. ഓർഡിനൻസിനെ ന്യായീകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും നിയമമന്ത്രി നടത്തിയ ശ്രമങ്ങൾ വിപരീതഫലമാണുണ്ടാക്കിയത്. ലോകായുക്തയെ ഗവർണർ മുഖേന കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുമെന്ന രീതിയിലുള്ള വിശദീകരണം പാർട്ടി അണികൾക്കും സൈബർ പോരാളികൾക്കും പോലും വിശ്വാസയോഗ്യമായില്ല. നിയമസഭയിൽ അവതരിപ്പിക്കാതെ ഓർഡിനൻസ് മുഖേന ഇപ്രകാരം ഒരു ഭേദഗതി കൊണ്ടുവരുന്നതിന്റെ യുക്തി സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും ബോദ്ധ്യപ്പെട്ടില്ല. അദ്ദേഹം വിയോജിപ്പ് തുറന്നുപറയാനും മടിച്ചില്ല.
അങ്ങനെ മാർക്സിസ്റ്റു പാർട്ടിയും സർക്കാരും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുൻമന്ത്രി കെ.ടി. ജലീൽ ലോകായുക്തയ്‌ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി വന്നത്. യു.ഡി.എഫിന്റെ താത്പര്യപ്രകാരം ജസ്റ്റിസ് സിറിയക് ജോസഫ് തന്നെ ബലിയാടാക്കുകയായിരുന്നെന്ന് അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റ് മുഖേന ദൈനംദിനാടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. കെ.ടി. ജലീൽ മന്ത്രിയായിരുന്നപ്പോൾ തികച്ചും പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന പരാതി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും ചില സമുദായ സംഘടനകളും ഉന്നയിച്ചിരുന്നു. ജലീൽ ഇടതുപക്ഷ സർക്കാരിലാണ് മന്ത്രിയായിരിക്കുന്നതെങ്കിലും അദ്ദേഹം സിമി പോലെയുള്ള തീവ്രവാദ സംഘടനകളുടെ പ്രതിനിധിയായിട്ടാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ഉന്നയിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ലോകായുക്തയിൽ പരാതി വന്നതും പ്രതികൂല ഉത്തരവുണ്ടായത് എന്നതും ശ്രദ്ധേയമാണ്. സുപ്രീം കോടതി ജഡ്ജിയായിരിക്കുമ്പോഴും വിശ്വാസം പറയ്ക്കടിയിൽ വയ്‌ക്കാനുള്ളതല്ലെന്ന് പരസ്യമായി പ്രസംഗിച്ചിട്ടുള്ളയാളാണ് ജസ്റ്റിസ് സിറിയക് ജോസഫ്. ചില മെത്രാന്മാരുടെ പ്രേരണയ്ക്ക് വിധേയനായിട്ടാണ് അദ്ദേഹം ജലീലിനെ സ്ഥാനഭ്രഷ്ടനാക്കിയതെന്ന ആരോപണം ഒരുപക്ഷേ സാദ്ധ്യമായേക്കും. എന്നാൽ ജലീലിനെതിരെ ഉത്തരവിട്ട ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ - അൽ- റഷീദ് യാതൊരു സമ്മർദ്ദത്തിനും സ്വാധീനത്തിനും പ്രലോഭനത്തിനും വഴിപ്പെടുന്നയാളല്ലെന്നകാര്യം സുവിദിതമാണ്. അതുകൊണ്ടുതന്നെ ജലീലിന്റെ ആരോപണം അസ്ഥാനത്താണ്. മാത്രമല്ല, റിട്ട് ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയും നമുക്ക് മുന്നിലുണ്ട്. അവിടെ ലോകായുക്ത ഉത്തരവ് സ്ഥിരീകരിക്കുക മാത്രമല്ല, ജലീലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. സുപ്രീം കോടതിയിൽ നിന്നുണ്ടായ അനുഭവവും ഒട്ടും വ്യത്യസ്തമല്ലെന്നോർക്കണം. അങ്ങനെ കളങ്കിതനായി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ഒരു പൊതുപ്രവർത്തകൻ ലോകായുക്തയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പൊതുജനമദ്ധ്യത്തിൽ തികച്ചും വിപരീത അഭിപ്രായമേ ഉണ്ടാക്കൂ. ജലീലിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടി നേതൃത്വമോ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. അവർ ഇതുവരെ ആരോപണങ്ങളെ പിന്തുണച്ചിട്ടുമില്ല, തള്ളിക്കളഞ്ഞിട്ടുമില്ല. ജലീൽ ഒരു വ്യക്തി മാത്രമാണ്, പ്രസ്ഥാനമല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പരോക്ഷമായിട്ടെങ്കിലും അദ്ദേഹത്തെ കൈയൊഴിയുന്നതിനു തുല്യമാണ്. എന്നാൽ അത്തരമൊരു പ്രതികരണം സി.പി.എം നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന കാര്യവും പ്രസ്താവ്യമാണ്. ലോകായുക്തയെ അവഹേളിക്കാൻ മാർക്സിസ്റ്റ് പാർട്ടി നേതൃത്വം ജലീലിനെ കെട്ടഴിച്ചു വിട്ടിരിക്കുന്നു എന്ന തോന്നലാണ് ജനമദ്ധ്യത്തിലുണ്ടായിട്ടുള്ളത്. അതു ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ ധാർമ്മികതയെയും സദാചാരബോധത്തെയും കരിതേച്ച് കാണിക്കാൻ മാത്രമേ ഉപകരിക്കൂ.
ഓർഡിനൻസിനെതിരെ സി.പി.ഐ സംസ്ഥാന നേതൃത്വത്തിൽ വലിയ വിമർശനം ഉയർന്നുവെന്നും ഒരുപക്ഷേ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുന്നതിനെപ്പോലും പാർട്ടി എതിർക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് മാദ്ധ്യമങ്ങൾ നൽകുന്ന സൂചന. ഇപ്രകാരം ഒരു ഭേദഗതി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാർമ്മിക അടിത്തറയ്ക്ക് വലിയ വിള്ളലുണ്ടാക്കുമെന്ന് വ്യക്തമാണ്. മന്ത്രിമാർക്കെതിരെ നിലവിലുള്ള പരാതികൾ അടിസ്ഥാനമുള്ളവയാണെന്നും ലോകായുക്തയിൽ നിന്നുണ്ടാകാവുന്ന പ്രതികൂല ഉത്തരവുകൾ തടയാൻ വേണ്ടിയാണ് ഇത്തരം ഭേദഗതി അവതരിപ്പിക്കുന്നത് എന്നുമുള്ള ധാരണ പൊതുജനമദ്ധ്യത്തിൽ സൃഷ്ടിക്കപ്പെടും. 1999 ൽ ഇടതുപക്ഷ സർക്കാർ വേണ്ടെന്നു വച്ച ഒരു വ്യവസ്ഥ 2022 -ാമാണ്ടിൽ പുന: സ്ഥാപിക്കുന്നതിന് നിയമപരമോ രാഷ്ട്രീയമോ ധാർമ്മികമായോ യാതൊരു യുക്തിയുമില്ല. നിർദ്ദിഷ്ട ഓർഡിനൻസ് പിൻവലിക്കുന്നതാണ് സർക്കാരിനും മുന്നണിക്കും ഗുണകരം.