jeevi

കൊച്ചി: വസ്ത്രങ്ങൾ തുന്നുമ്പോൾ വാലും തുമ്പുമായി വെട്ടിക്കളയുന്ന തുണിക്കഷ്ണങ്ങൾക്കും ഡിമാൻഡായി. ഓമനത്തമുള്ള പാവകളായി അവ വീടുകളിലേക്ക് എത്തുകയാണ്. മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതുപോലെ കഥകളും മറ്റും ഈ പാവകൾ പറഞ്ഞുതരും. സ്റ്റാർട്ടപ്പ് വില്ലേജുകളുമായി സഹകരിച്ചാണ് കഥപറയുന്ന ഇലക്‌ട്രാേണിക് പാവകൾ നിർമ്മിക്കുന്നത്.

കുട്ടികൾക്ക് നല്ലശീലങ്ങൾ പകർന്നു നൽകുന്ന പദ്ധതിക്ക് മുന്നിട്ടിറങ്ങിയത് കൊച്ചി കോർപ്പറേഷനാണ്. കടകളിൽ നിന്ന് തുണിക്കഷ്ണങ്ങൾ ശേഖരിക്കുന്നതും പാവകൾ നിർമ്മിക്കുന്നതും കുടുംബശ്രീ പ്രവർത്തകരാണ്. ആശയവുമായി രംഗത്ത് എത്തിയ `ഭൂമി വിമൻസ് കളക്‌ടീവ്' ഓൺലൈനിൽ മാർക്കറ്റ് ചെയ്യാനുള്ള ദൗത്യവും ഏറ്റെടുത്തിട്ടുണ്ട്.

ഇനി ബി.ഐ.എസ് മുദ്രക്കുള്ള ലൈസൻസ് വേണം. അതിന് സ്ഥാപനത്തിന് ആസ്ഥാനം വേണം.കോർപ്പറേഷന്റെ അധീനതയിലുള്ള കെട്ടിടത്തിൽ മുറി നൽകാമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചിട്ടുണ്ട്. ഫിനാൻസ് കമ്മി​റ്റിയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അവരുടെ പിന്തുണ തേടിയിട്ടുണ്ട്.

 വില്പന ഓൺലൈനിൽ

അദ്ധ്യാപനം, ബാങ്കിംഗ്, ഫാഷൻ ഡിസൈനിംഗ് തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനപരിചയമുള്ള 12 വനിതകളാണ് 'ഭൂമി'യുടെ സാരഥികൾ. ഒത്താശ നൽകുന്ന സെന്റ് തെരേസാസ് കോളേജിലാണ് പാവകൾ പിറവിയെടുക്കുന്നത്.

വില്പന ഓൺലൈൻ വഴി. വരുമാനം കുടുംബശ്രീക്കാർക്ക്. രാജ്യവ്യാപകമായി മാർക്കറ്റിംഗ് തന്ത്രങ്ങൾ മെനയാൻ കോഴിക്കോട്ടെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്

 തുണിക്കഷ്ണങ്ങൾ എമ്പാടും

കോളേജ് വിദ്യാർത്ഥിനികൾ നടത്തിയ സർവേയിൽ എറണാകുളം കോൺവെന്റ് ജംഗ്ഷനിലെ 30 തയ്യൽക്കടകളിൽ മാത്രം ഒരാഴ്ച 700കിലോ തുണി വേസ്റ്റായി കളയുന്നുണ്ടെന്ന് കണ്ടെത്തി.

 പ്രധാനമന്ത്രിയുടെ പ്രശംസ

ശുചിത്വമിഷന്റെ ഭാഗമായി പ്ളാസ്റ്റിക് സഞ്ചികൾക്ക് ബദലായി തുണി ബാഗുകളുണ്ടാക്കാൻ കേരളത്തിലാകെ പരിശീലനം നൽകിയത് `ഭൂമി വിമൻസ് കളക്‌ടീവ്' എന്ന കൂട്ടായ്മയുടെ സാരഥിയായ സെന്റ് തെരേസാസിലെ റിട്ട. അസി.പ്രൊഫസർ നിർമ്മല പദ്മനാഭന്റെ നേതൃത്വത്തിലായിരുന്നു.കഴിഞ്ഞ മാർച്ച് 28ന് പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് പരിപാടിയിൽ ഇക്കാര്യം പരാമർശിച്ചിരുന്നു.

`പരിസ്ഥിതിക്ക് വിനാശകരമാവാതെ വസ്ത്രാവശിഷ്‌ടങ്ങൾ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്ന ആലോചനയാണ് കളിപ്പാട്ടത്തിൽ എത്തിച്ചത്.'

-നിർമ്മല പദ്മനാഭൻ,

റിട്ട. അസി. പ്രൊഫസർ

ഡീൻ ഓൺ എക്‌സ്റ്റെൻഷൻ,

സെന്റ് തെരേസാസ് കോളേജ്