
കൊച്ചി: കൂടുതൽ മൂല്യവർദ്ധിത മത്സ്യ ഉത്പന്നങ്ങൾ വിപണിയിലിറക്കാൻ പദ്ധതിയുമായി മത്സ്യഫെഡ്. നിലവിലുള്ള ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കുന്നതിനു പുറമെ പുതിയവ വിപണിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന പായ്ക്കറ്റിലാക്കിയ വിഭവങ്ങളാണ് ഒരുക്കുക. ഇവ സംബന്ധിച്ച നടപടികൾ തുടരുകയാണ്. രാസവസ്തുക്കൾ ചേർക്കാത്തതും ഗുണമേന്മയുമുള്ളതുമായ ഉത്പന്നങ്ങൾ മത്സ്യഫെഡിന്റെ സ്റ്റാളുകളിലൂടെയും സൂപ്പർ മാർക്കറ്റിലൂടെയും ലഭ്യമാക്കും. ആവശ്യത്തിനനുസരിച്ച് ഉത്പാദനം കൂട്ടാൻ പുതിയ പ്ലാന്റുകൾ ആരംഭിക്കും.
മത്സ്യഫെഡിന് എറണാകുളത്തു മാത്രമാണ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റ് നിലവിലുള്ളത്. ചെങ്ങന്നൂരും വടക്കൻ കേരളത്തിലും ( സ്ഥലം കണ്ടെത്തിയിട്ടില്ല) പുതിയ പ്ലാന്റ് നിർമ്മിക്കും. എറണാകുളത്തെ പ്ലാന്റിൽ ഒരു വർഷം ഒരുലക്ഷം പായ്ക്കറ്റ് ഉത്പന്നങ്ങളാണ് തയ്യാറാക്കുന്നത്. പുതിയ പ്ലാന്റുകൾ ആരംഭിക്കുന്നതോടെ പ്രതിദിനം ഒന്നു മുതൽ രണ്ടു ടൺ വരെ ഉത്പന്നങ്ങൾ നിർമ്മിക്കും.
കുട്ടികൾക്കായി മീൻപൊടി
കുട്ടികൾക്കായി മീൻപൊടി നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. പ്രോട്ടീൻ കൂടുതൽ അടങ്ങിയ കടവരാൽ പോലുള്ള മത്സ്യങ്ങൾ ഉപയോഗിച്ച് പാൽപ്പൊടി രൂപത്തിൽ ഇറക്കും. ഒഡിഷയിൽ വിജയിച്ച പദ്ധതിയാണിത്. അവിടെ അങ്കണവാടി കുട്ടികൾക്ക് മത്സ്യപ്പൊടി നൽകുന്നുണ്ട്.
മത്സ്യഫെഡ് ഉത്പനങ്ങൾ
മീൻ അച്ചാർ, കേര, ഒാലക്കൊടി (കള) 250 ഗ്രാം- 150 രൂപ
കൂന്തൽ 250 ഗ്രാം- 160 രൂപ
ചെമ്മീൻ അച്ചാർ, ചമ്മന്തിപ്പൊടി 250 ഗ്രാം- 200 രൂപ
ചെമ്മീൻ റോസ്റ്റ് 50 ഗ്രാം- 100 രൂപ
കറിമസാല 100 ഗ്രം- 55 രൂപ
ഫ്രൈ മസാല- 100 ഗ്രാം- 25 രൂപ
മത്സ്യഫെഡിന്റെ കൂടുതൽ ഉത്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു. ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഉത്പാദനം നേടണം. ജനങ്ങളുടെ ആവശ്യം അനുസരിച്ച് പുതിയ ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കും.
ടി. മനോഹരൻ
ചെയർമാൻ
മത്സ്യഫെഡ്