
കളമശേരി: ഏലൂർ നഗരസഭ കുറ്റിക്കാട്ടുകര 11-ാം വാർഡിലെ റോഡ് നിർമ്മാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. മുൻ കൗൺസിലർ ജോസഫ് ഷെറിയും സംബന്ധിച്ചു. തുടർന്ന്, നഗരസഭാ എൻജിനിയർ സ്ഥലത്തെത്തുകയും തിങ്കളാഴ്‌ച പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്‌തതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
കാനയുടെ പാർശ്വഭിത്തി 15 സെന്റീമീറ്റർ ഉയർത്തി സ്ലാബ് ഇട്ടപ്പോൾ റോഡിന്റെ വീതിയും ഉയരവും കുറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. അശാസ്ത്രീയമായി, ടൈൽ വിരിച്ച് റോഡ് ഉയർത്തിയാൽ സമീപപ്രദേശങ്ങൾ വെള്ളക്കെട്ടിലാകുമെന്ന് നാട്ടുകാർ പറയുന്നു. തകരാറില്ലാത്ത റോഡാണ് പൊളിച്ച് ടൈൽ വിരിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.