ആലുവ: ഒരു വർഷം പിന്നിട്ടിട്ടും അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് നവീകരണം പൂർത്തീകരിക്കാതെ ഇറിഗേഷൻ വകുപ്പിന്റെ അലംഭാവം. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ തിങ്കളാഴ്ച്ച നവീകരണ പ്രവ‌ർത്തനങ്ങൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും വെറുതെയായി.

കടവ് പൊളിച്ചിട്ടതിനാൽ ഒരു വർഷമായി ആശ്രമത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ ദുരിതമനുഭവിക്കുകയാണ്. 15 ലക്ഷം രൂപ ചെലവഴിച്ച് ഇറിഗേഷൻ വകുപ്പ് നടപ്പാക്കുന്ന കടവ് നവീകരണം കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച് ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. ആഘോഷപൂർവ്വമായിരുന്നു നിർമ്മാണോദ്ഘാടനം. ഇതിന്റെ ഭാഗമായി കടവിലെ ചവിട്ടുപടികളെല്ലാം ജെ.സി.ബി ഉപയോഗിച്ച് ഇളക്കിയതോടെ തർപ്പണത്തിനെത്തുന്നവർക്ക് കാൽനടയാത്ര പോലും കഴിയാതെയായി. കരാറുകാരനും ഉപകരാറുകാരനും തമ്മിലുള്ള തർക്കമുണ്ടായതായിരുന്നു ആദ്യ പ്രതിസന്ധി. മാസങ്ങൾക്ക് ശേഷം തർക്കം പരിഹരിച്ച് നിർമ്മാണം പുനരാരംഭിച്ചെങ്കിലും ഒരുദിവസം കഴിഞ്ഞപ്പോൾ വീണ്ടും മുടങ്ങി.

മഴയെത്തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നതും പ്രശ്നമായി. ഇപ്പോൾ കൊവിഡിനെയും പഴിചാരുന്നുണ്ട്. ആശ്രമത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് കടവുകളാണുള്ളത്. പുരുഷന്മാരുടെ കടവാണ് പൊളിച്ചിട്ടിരിക്കുന്നത്. കടവ് നവീകരണത്തിന് അൻവർ സാദത്ത് എം.എൽ.എ ഇടപെട്ടാണ് ഫണ്ട് അനുവദിപ്പിച്ചത്. ശിവരാത്രി മാർച്ച് ഒന്നിനാണ് നടക്കുന്നത്. അന്ന് രാത്രി സാധാരണയായി ലക്ഷങ്ങളാണ് അദ്വൈതാശ്രമത്തിൽ തർപ്പണത്തിനെത്തുക. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായാൽ കടവ് നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രതിസന്ധിയാകും.

ഫെബ്രുവരി ഒമ്പതിനാരംഭിച്ച്

25നകം പൂർത്തീകരിക്കും

ബണ്ട് കെട്ടി നിർമ്മിക്കുന്ന ഭാഗത്തെ ചില സാങ്കേതിക പ്രശ്നങ്ങളാണ് നിർമ്മാണം നീളാൻ മുഖ്യകാരണം. പിന്നാലെ കൊവിഡും പെരിയാറിലെ ജലനിരപ്പ് ഉയർന്നതും പ്രതിസന്ധിയായി. കഴിഞ്ഞ തിങ്കളാഴ്ച്ച പണി പുനരാരംഭിക്കാൻ നിശ്ചയിച്ചെങ്കിലും ചുമതലയേറ്റയാൾ കൊവിഡ് ബാധിതനായി. അതിനാൽ ഒമ്പതിന് നിർമ്മാണം പുനരാരംഭിച്ച് 25നകം പൂർത്തീകരിക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനിയും വീഴ്ച്ചയുണ്ടാവില്ല.

പ്രവീൺലാൽ,

ഇറിഗേഷൻ വകുപ്പ് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ.

ഉപകരാറുകാരൻ പണം വാങ്ങി കബളിപ്പിച്ചു

വെള്ളമുള്ള ഭാഗത്ത് നിർമ്മാണത്തിന് ഉപകരാറെടുത്തയാൾ പണം വാങ്ങി കബളിപ്പിച്ചു. പാറയായതിനാൽ അവിടെ കുറ്റിയടിച്ചിട്ട് നിൽക്കുന്നില്ല. തിങ്കളാഴ്ച്ച പണിയാരംഭിക്കും. കരാർ തുകയിൽ ടാക്സ് കിഴിച്ചാൽ 12 ലക്ഷം രൂപയാണ് ലഭിക്കുക. നിർമ്മാണം പൂർത്തിയാക്കാൻ തയ്യാറുള്ളവരുണ്ടെങ്കിൽ ഈ തുക ആർക്കുവേണമെങ്കിലും താൻ മുൻകൂറായി നൽകാം. പ്രതിസന്ധിയുണ്ടായിട്ടും ആശ്രമത്തിലെ വർക്കായതിനാൽ മാത്രമാണ് ചെയ്യുന്നത്.

വിൽസൺ നെടുമ്പാശേരി,

കരാറുകാരൻ.

ആലുവ അദ്വൈതാശ്രമം കടവ് ശിവരാത്രിക്ക് മുമ്പായി പൂർത്തിയായില്ലെങ്കിൽ ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവും. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്.

സ്വാമി ധർമ്മ ചൈതന്യ
സെക്രട്ടറി
അദൈ്വതാശ്രമം