കൊച്ചി: പേരണ്ടൂർ കനാലിന്റെ പുന:രുജ്ജീവന പ്രവർത്തനങ്ങൾക്കായി സർക്കാരും മറ്റു അധികൃതരും നിർദ്ദേശങ്ങളുമായി മുന്നോട്ടു വരണമെന്നും പേരണ്ടൂർ കനാലിന്റെ നവീകരണത്തിനായി നേരത്തെ നിർദ്ദേശചിച്ചിരുന്ന 1000 കോടി രൂപയുടെ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വേണമെന്ന ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ നിർദ്ദേശം നൽകിയത്. ഹർജികൾ ഫെബ്രുവരി 18 നു വീണ്ടും പരിഗണിക്കും. പേരണ്ടൂർ കനാൽ നവീകരണത്തിനു നിലവിലുള്ള നടപടികൾ വ്യക്തമാക്കി നഗരസഭാസെക്രട്ടറി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
പി.ആൻഡ് ടി കോളനി
കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണം ഇഴയുകയാണെന്നും ഫണ്ടിന്റെ അപര്യാപ്തതയാണ് മുഖ്യ കാരണമെന്നും അമിക്കസ് ക്യൂറിയും ഹർജിക്കാരും ആരോപിച്ചു. എന്നാൽ ഇതിനായി കുറച്ചു തുക അനുവദിച്ചിരുന്നെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിക്കാമെന്നും വിശദീകരിച്ചു. ഫണ്ട് ലഭിച്ചിട്ടും ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണ് പണികൾ വൈകുന്നതെങ്കിൽ ഗൗരവത്തോടെ കാണുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
മുല്ലശേരി കനാൽ നവീകരണം
കനാലിനുമേലുള്ള സ്ളാബുകളിൽ കച്ചവടം നടത്താൻ ചില തെരുവുകച്ചവടക്കാർക്കു അനുമതി നൽകിയിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വൈകുന്നതാണ് കനാൽ നവീകരണം വൈകാൻ കാരണം. പുനരധിവാസത്തിന് പല മാർഗ്ഗങ്ങളും ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ ഇവിടുത്തെ തെരുവുകച്ചവടക്കാരെക്കൂടി കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് കച്ചവടം നടത്താൻ അനുമതി ലഭിച്ചവരുടെ ലിസ്റ്റ് നഗരസഭ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചു.
റെയിൽവെ കലുങ്കുകൾ
പേരണ്ടൂർ കനാലിനു കുറുകേയുള്ള റെയിൽവെ കലുങ്കുകൾ പുതുക്കി പണിതില്ലെങ്കിൽ വെള്ളക്കെട്ട് തടയുകയെന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കലുങ്കുകൾ പുതുക്കിപ്പണിയാൻ സ്വീകരിച്ച നടപടികളും ഇതു പൂർത്തിയാക്കാനെടുക്കുന്ന സമയവും റെയിൽവെ അധികൃതർ വ്യക്തമാക്കണം.
മഴക്കാല പൂർവ ശുചീകരണം
കാനകളുടെയും കനാലുകളുടെയും ശുചീകരണത്തിനു സ്വീകരിച്ച നടപടികൾ വ്യക്തമാക്കി നഗരസഭ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. കാനകളുടെ ശുചീകരണത്തിനുള്ള വാർഷികകരാർ നൽകുന്നതിന് കൗൺസിൽ യോഗം തീരുമാനമെടുത്ത ശേഷം അനുമതി നൽകുമെന്ന് നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു.
വേമ്പനാട് കായലിലേക്ക് പൈപ്പ് ലൈൻ
എം.ജി റോഡിനു കിഴക്കു വശത്തു നിന്ന് വെള്ളം പടിഞ്ഞാറുള്ള വേമ്പനാട് കായലിലേക്ക് ഒഴുക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന കാര്യത്തിൽ വാട്ടർ അതോറിറ്റി അധികൃതർ നിലപാട് അറിയിക്കാനും നിർദ്ദേശിച്ചു.