മൂവാറ്റുപുഴ: കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 2018-2019 സാമ്പത്തിക വർഷം എം.ൽ.എ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവിൽ പണിതീർത്ത കല്ലൂർക്കാട് ഹോമിയോ ആശുപത്രി അടിയന്തരമായി ജനങ്ങൾക്ക് തുറന്ന് നൽകാൻ അധികൃതർ തയ്യാറാകണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
1981-ൽ നാഗപ്പുഴ മേക്കുന്നേൽ വീട്ടിൽ കുര്യാക്കോ ജോസഫ് സൗജന്യമായി കല്ലൂർക്കാട് പഞ്ചായത്തിന് കൈമാറിയ 23 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 2009-ൽ വി.എസ്.സർക്കാരിന്റെ കാലത്ത് മുൻ എം.എൽ.എ ബാബു പോളാണ് ആശുപത്രി അനുവദിച്ചത്.കഴിഞ്ഞ 13 വർഷമായി പത്തകുത്തിയിൽ വനിതാക്ഷേമ കേന്ദ്രത്തിലെ പരിമിത സൗകര്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്. നാഗപ്പുഴയിലെ 23 സെന്റ് സ്ഥലത്ത് 2500 സ്ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള കെട്ടിടത്തിൽ വിപുലായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ഭാവിയിൽ കിടത്തി ചികിൽസയുള്ള ഹോമിയോ ആശുപത്രിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ മുന്നിൽക്കണ്ടാണ് കെട്ടിട നിർമ്മാണം നടത്തിയത്. കാലതാമസം ഒഴിവാക്കി പുതിയ കേന്ദ്രത്തിലേക്ക് ഡിസ്പെൻസറി മാറ്റാത്തതിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധമുണ്ട്. പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ നിസംഗത തുടരുന്നതിനാൽ കാര്യക്ഷമമായ സേവനം നഷ്ടപ്പെടുകയാണ്.
ഡോക്ടർമാർക്കുള്ള മുറികൾ,ലാബ്, ഫാർമസി, രോഗികൾക്കുള്ള വിശ്രമ സൗകര്യം ഉൾപ്പെടെയുളള ക്രമീകരണങ്ങൾ സജ്ജമാണ്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സേവനം നൽകാൻ പര്യാപ്തമായ സ്ഥാപനം തുറക്കാത്തത് അധികൃതരുടെ ഉദാസീനതയും അലംഭാവവുമാണെന്ന് എൽദോ എബ്രഹാം കുറ്റപ്പെടുത്തി. ഒരു ഡോക്ടർ ഉൾപ്പെടെ 3 ജീവനക്കാരാണ് നിലവിലുള്ളത്. ശരാശരി ഒരു ദിവസം 60 മുതൽ 75 രോഗികൾ വരെ ചികിത്സയ്ക്കായി എത്താറുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെ ചികിത്സയ്ക്കായി എത്തുന്നതിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും എൽദോ എബ്രഹാം പറഞ്ഞു..