മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 87 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന മൂവാറ്റുപുഴ തേനി റോഡിന്റെ സ്ഥലപരിശോധനകൾ തുടങ്ങി. മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധനകൾ നടത്തുന്നത്. റോഡിന്റെ വീതി കൂട്ടുന്നതിനും വളവ് നിവർത്തുന്നതിനും ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുമാണ് പരിശോധന.

റോഡിന് വീതി ഇല്ലാത്തിടങ്ങളിൾ ജനങ്ങൾ സഹകരിച്ച് പരമാവധി സ്ഥലം വിട്ടു നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. നിർദ്ദേശം സ്വീകരിച്ച് നിരവധി നാട്ടുകാർ സ്ഥലം നൽകാൻ തയ്യാറായി.റോഡ് വികസത്തിന് തടസമായ ടെലിഫോൺ, കെ.എസ്.ഇ. ബി, കുടിവെള്ള പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ എ നിർദ്ദേശം നൽകി.

കല്ലൂർക്കാട് പഞ്ചായത്തിലെ പെരുമാംകണ്ടത്തുനിന്നാണ് ഇന്നലെ രാവിലെ പരിശോധന തുടങ്ങിയത്. ജനപ്രതിനിതികളെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാനിദ്ധ്യത്തിലായിരുന്നു സ്ഥലപരിശോധന. മുൻകൂട്ടി ഇവരെ അറിയിച്ചശേഷം പൊതുമരാമത്ത്, റവന്യൂ, കെ.എസ്.ടി.പി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു. ബ്ലോക്ക് പബായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, ആർ.ഡി.ഒ അനി പി.എൻ, സ്‌പെഷ്യൽ തഹസീൽദാർ അസ്മാ ബീവി, അസി. എക്‌സികുട്ടീവ് എൻജിനീയർമാരായ സൂസൻ മാത്യു (പി.ഡബ്ല്യു.ഡി) സിന്റോ. പി.പി (കെ.എസ്.ടി.പി), ബ്ലോക്ക് പബായത്ത് അംഗം കെ.ജി.രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

റോഡുൾപ്പെടുന്ന പ്രധാന കവലകളുടെ ഡിസൈൻ ഉയർന്ന നിലവാരത്തിലാണ് തയ്യാറാക്കുന്നത്. പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്താണ് രൂപകല്പന ചെയ്യുകയെന്നും എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയിൽ തുടങ്ങി ആവോലി, ആയവന, കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡ് 7.5 മീറ്റർ വീതിയിൽ 16.18 കിലോമീറ്ററിലാണ് റോഡ് നിർമ്മാണം നടക്കുക. 18 മാസമാണ് കാലാവധി. രണ്ട് റോഡുകളുടെയും നവീകരണം സംസ്ഥാനത്ത് ജർമ്മൻ സാമ്പത്തിക സഹായത്തോടെയാണ് നടക്കുക. നേരത്തെ കക്കടാശ്ശേരി കാളിയാർ റോഡിന്റെ പരിശോധനയും പൂർത്തിയാക്കിയിരുന്നു. മൂവാറ്റുപുഴ തേനി റോഡിന്റെയും കക്കടാശ്ശേരി കാളിയാർ റോഡിന്റെയും നിർമ്മാണം സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടത്തുക.