ആലുവ: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഏതാനും ഉദ്യോഗസ്ഥരുടെ അദ്ധ്യാപക ദ്രോഹനടപടികൾക്കെതിരെ കേരള സ്‌ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഡി.ഇ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. മാധുരി ദേവി, കെ.ജെ. ഷൈൻ, അജി നാരായണൻ, ജില്ല ട്രഷറർ ആനി ജോർജ്ജ്, ജില്ല വൈസ് പ്രസിഡന്റ് സി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
ഡി.ഇ ഓഫീസിലെത്തുന്നവരോടുള്ള ഉദ്യോഗസ്ഥരുടെ അപമര്യാദയായ പെരുമാറ്റം അവസാനിപ്പിക്കുക, ഫയലുകൾ താമസിപ്പിക്കുന്ന സമീപനം ഉപേക്ഷിക്കുക, കെടുകാര്യസ്ഥതയും സ്വജന പക്ഷപാതവും അവസാനിപ്പിക്കുക, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള ചില ഉദ്യോഗസ്ഥരുടെ ദ്രോഹനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.