ആലുവ: ഭൂമി പരിവർത്തന അനുമതി നൽകുമ്പോൾ ചുമത്തുന്ന ഫീസിന്റെ നിശ്ചിത ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്തുകളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിർദ്ദേശമാണ് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പാസാക്കിയത്.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുക്കളുടെ പ്രധാന വരുമാനം കെട്ടിട നികുതിയാണ്. വിവിധ ഗ്രാന്റുകൾക്ക് പുറമേ തനത് ഫണ്ടും ചേർത്താണ് പദ്ധതി രൂപികരിക്കുന്നത്. പദ്ധതികൾക്ക് തുക അനുവദിക്കുമ്പോൾ മറ്റ് ആവശ്യങ്ങൾക്ക് പണം ഇല്ലാതെ വരുന്നു. പഞ്ചായത്തുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നഗര പഞ്ചായത്തുകളിൽ ദേശീയപാത, സംസ്ഥാന പാത എന്നിവയ്ക്ക് അരികിലുള്ളതും നഗര പ്രദേശത്തുള്ളതുമായ ഭൂമി, വസ്തുവിന്റെ മൂല്യമായി താരതമ്യപ്പെടുത്തി നികുതി ഈടാക്കുവാൻ കഴിഞ്ഞാൽ വലിയൊരു വരുമാന സാദ്ധ്യത തുറക്കപ്പെടുമെന്നും പ്രമേയം ചൂണ്ടികാട്ടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി പ്രമേയം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് പിൻതാങ്ങി. പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.