
കൊച്ചി: മത്സ്യത്തൊഴിലാളിയായ മാല്യങ്കര കോയിക്കൽ സജീവൻ (57) ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
കടങ്ങൾ വീട്ടാനും വീടിന്റെ അറ്റകുറ്റപ്പണികൾക്കുമായി വായ്പയെടുക്കാൻ സ്ഥലത്തിന്റെ തരംമാറ്റത്തിന് അപേക്ഷ നൽകി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നിരാശനായ സജീവൻ ബുധനാഴ്ച രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും സർക്കാരുമാണെന്ന് എഴുതിയ കത്തും അടിവസ്ത്രത്തിൽ ഉണ്ടായിരുന്നു.
പരിശോധനയിൽ കൊവിഡ് പോസിറ്റീവായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിച്ച മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തത്തപ്പിളളി ശ്മശാനത്തിൽ സംസ്കരിച്ചു.
സതിയാണ് ഭാര്യ. മക്കൾ: നിഥിൻദേവ്, അഷിതാദേവി. മരുമക്കൾ: വർഷ, രാഹുൽ.
• ന്യായീകരിച്ച് സബ് കളക്ടർ
സജീവന്റെ ഭൂമി തരംമാറ്റ അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി. ഫീസ് അടയ്ക്കാൻ സജീവന് നിർദ്ദേശം നൽകിയെങ്കിലും പ്രതികരിച്ചില്ല. ഫീസിളവിനും അപേക്ഷിച്ചില്ല. അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാലാണ് അദാലത്തുകളിൽ ഉൾപ്പെടാതിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
• ബാദ്ധ്യത പറവൂർ യൂണിയൻ ഏറ്റെടുത്തു
സജീവന്റെ കുടുംബത്തിന്റെ 20ലക്ഷം രൂപയുടെ കടബാദ്ധ്യത എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ എറ്റെടുത്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് യൂണിയൻ സെക്രട്ടറി ഹരി വിജയൻ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
അന്വേഷിക്കണം: വി.ഡി. സതീശൻ
സജീവന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലെ ക്രമക്കേടുകളിലും അന്വേഷണം വേണം. ഇനിയൊരു സജീവൻ ഉണ്ടാകരുത്. വിഷയം നിയമസഭയിൽ ഉന്നയിക്കും. നിലം പുരയിടമാക്കുന്നത് സാധാരണ നടപടിക്രമമാണ്. സാധാരണക്കാരെ മനഃപൂർവം ബുദ്ധിമുട്ടിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. വമ്പൻമാർക്ക് മുന്നിൽ മാത്രമാണ് ചുവപ്പുനാടകൾ അഴിയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
കർശന നടപടിയെന്ന് മന്ത്രി രാജൻ
പറവൂരിൽ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം റവന്യു വകുപ്പിൽ നിന്നുള്ള സേവന കാലതാമസം കൊണ്ടാണെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് മന്ത്രി ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഏജൻസികൾ പ്രവർത്തിക്കുന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിലും അന്വേഷണം നടത്തും. ഏജന്റുമാർക്കെതിരെയും നടപടികളുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
സജീവൻ റവന്യു ഉദ്യോഗസ്ഥരുടെ
കെടുകാര്യസ്ഥതയുടെ ഇര
റവന്യു ഉദ്യോഗസ്ഥരുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണ് ജീവനൊടുക്കിയ മത്സ്യത്തൊഴിലാളി കോയിക്കൽ സജീവൻ. ഭൂമി തരംമാറ്റുന്നതിനായി ഒന്നരക്കൊല്ലത്തിനിടെ സജീവൻ മുട്ടാത്ത വാതിലുകളില്ല. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും അധികം കാലതാമസമുണ്ടായില്ല. പക്ഷേ, ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലെത്തിയ ഫയൽ പിന്നെ അനങ്ങിയില്ല.
സജീവന് 4 സെന്റ് ഭൂമിയും വീടും മാത്രമാണുള്ളത്. പെയിന്റിംഗ്, വെൽഡിംഗ് തൊഴിലാളിയായിരുന്ന മകൻ നിഥിൻദേവ് ജോലിക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ് നാളുകളായി ചികിത്സയിലാണ്. മകന്റെ ചികിത്സ, മകളുടെ വിവാഹം, വീടിന്റെ അറ്റകുറ്റപ്പണി എന്നിവയൊക്കെ സജീവനെ സാമ്പത്തികമായി തളർത്തി. ചിട്ടിക്കമ്പനിയിൽ പണയത്തിലിരുന്ന വീടിന്റെ ആധാരം പലരിൽനിന്ന് കടംവാങ്ങി തിരിച്ചെടുത്ത് കൂടുതൽ തുകയ്ക്ക് ബാങ്കിൽ പണയംവച്ച് ബാദ്ധ്യതകൾ തീർക്കാനുള്ള ഓട്ടത്തിലായിരുന്നു സജീവൻ.
അഴിമതിയുടെ കൂത്തരങ്ങ്
അഴിമതിക്കും കൈക്കൂലിക്കായി ഫയൽ വൈകിപ്പിക്കലിനും കുപ്രസിദ്ധമാണ് ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസ്. ആരോപണങ്ങൾ പെരുകിയപ്പോൾ 25 ഉദ്യോഗസ്ഥരെ കഴിഞ്ഞ ആഗസ്റ്റിൽ ഒറ്റയടിക്ക് സ്ഥലംമാറ്റിയെങ്കിലും പകുതിയോളംപേർ വൈകാതെ തിരികെയെത്തി. പതിനഞ്ച് വർഷമായി ചിലർ ഇവിടെത്തന്നെ ജോലി നോക്കുകയായിരുന്നു.
സ്ഥലംമാറ്റത്തിന് തടയിടാൻ ഭരണകക്ഷി യൂണിയനുകളും പാർട്ടി നേതാക്കളും രംഗത്തിറങ്ങിയിരുന്നു.
ഭൂമിതരംമാറ്റൽ, പോക്കുവരവ് തുടങ്ങി ആയിരക്കണക്കിന് അപേക്ഷകൾ ഇവിടെ കെട്ടിക്കിടക്കുന്നുണ്ട്. അപേക്ഷകൾ നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനിൽ എത്തിക്കുന്നതിനുവരെ ആയിരങ്ങൾ കൈക്കൂലി നൽകണം.
• ആത്മഹത്യ ചെയ്തത് ആശയറ്റ്
ഓരോ ഓഫീസുകളിലും പല കാരണങ്ങൾ പറഞ്ഞ് അപേക്ഷ മാറ്റിവച്ചു. ആർ.ഡി.ഒ ഓഫീസിലായിരുന്നു പ്രധാന തടസ്സം. ഫയൽ തിരികെ വില്ലേജ് ഓഫീസിലേക്ക് വരേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല.
ഫയൽ തീർപ്പാക്കൽ അദാലത്തിൽ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ആർ.ഡി.ഒ ഓഫീസിലെത്തി ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു.
-വർഷ (മരുമകൾ)
ബാബു സുരേഷിന്റെ യുദ്ധം
ഭാര്യയ്ക്ക് ഇഷ്ടദാനം ലഭിച്ച 13 സെന്റ് ഭൂമി പോക്കുവരവ് ചെയ്തുകിട്ടാൻ കൊച്ചി താലൂക്ക് ഓഫീസിലും ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലും വൃദ്ധൻ നടത്തിയത് മൂന്നുവർഷത്തെ യുദ്ധം. മൂന്നുവർഷം മുമ്പ് സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതിയുടെയും ജില്ലാകളക്ടറുടെയും കർശന ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് പോക്കുവരവ് നടത്തിക്കിട്ടിയത്. പള്ളുരുത്തിനട ആശിർവാദ് വീട്ടിൽ ബാബുസുരേഷ് പടക്കാറ കൈക്കൂലി നൽകാനോ ജീവനക്കാരുടെ ധാർഷ്ട്യത്തിന് വഴങ്ങാനോ തയ്യാറാകാതെയായിരുന്നു എതിരിട്ടത്.
നിയമപരമായി നിലനിൽക്കാത്ത വാദങ്ങളുന്നയിച്ചായിരുന്നു ജീവനക്കാരുടെ ദുർവാശി. വസ്തുവിന്റെ മതിപ്പുവിലയുടെ 10 ശതമാനം കൈക്കൂലി നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനവും വന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് 70കാരനായ ബാബു സുരേഷ് പറഞ്ഞു. കഴിഞ്ഞദിവസം വിജിലൻസിന് പരാതിയും നൽകി.