
കൊച്ചി: കൊവിഡിന് കാരണമാകുന്ന സാർസ് സി.ഒ.വി 2 വൈറസിനെ ഇല്ലാതാക്കാൻ നൈട്രിക് ഓക്‌സൈഡ് ശ്വസിച്ചാൽ മതിയെന്ന് പഠനറിപ്പോർട്ട്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരും അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃത സ്‌കൂൾ ഒഫ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
നൈട്രിക് ഓക്‌സൈഡ് ശ്വസിക്കുന്നത് സാർസ് സി.ഒ.വി 2 വൈറസിനെ നശിപ്പിക്കുന്നതിന് പുറമേ ശരീരകോശങ്ങളുമായി കൊവിഡ് വൈറസ് ബന്ധപ്പെടുന്നത് തടയാനും സഹായിക്കും. നൈട്രിക് ഓക്‌സൈഡ് തെറാപ്പി ഉപയോഗിച്ച് അമൃത ആശുപത്രിയിൽ കൊവിഡ് രോഗികളിൽ പ്രായോഗികപഠനവും നടത്തിയിരുന്നു.
നൈട്രിക് ഓക്‌സൈഡ് തെറാപ്പി സ്വീകരിച്ച കൊവിഡ് രോഗികൾ സാധാരണ ചികിത്സ ലഭിച്ചവരേക്കാൾ വേഗത്തിൽ സുഖംപ്രാപിച്ചതായി കണ്ടെത്തി. ഇവരിൽ മരണനിരക്ക് പൂജ്യമാണ്.
സാർസ് സി.ഒ.വി 2 വൈറസിനെ തടയാൻ നൈട്രിക് ഓക്‌സൈഡിന് സാധിക്കുമെന്ന് സ്വീഡിഷ് സംഘം അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് പഠനം നടത്തിയതെന്ന് അമൃത സ്‌കൂൾ ഒഫ് ബയോടെക്‌നോളജിയിലെ ലൈഫ് സയൻസസ് ഡീൻ പ്രൊഫ. ബിപിൻ നായർ പറഞ്ഞു. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിനെയാണ് നൈട്രിക് ഓക്‌സൈഡ് നേരിട്ട് ബാധിക്കുന്നത്.
അമൃത ഹോസ്പിറ്റലിലെ ഡോ. അവീക് ജയന്ത്, ഡോ. ദീപു ടി.എസ്, ഡോ. മെർലിൻ മോനി എന്നിവരടങ്ങുന്ന സംഘമാണ് 25 കൊവിഡ് രോഗികളിൽ പഠനത്തിന് നേതൃത്വം നൽകിയത്. പഠനറിപ്പോർട്ട് ശാസ്ത്രഗവേഷണ ജേർണലായ എൽ.ഡബ്ലിയു.ഡബ്ലിയു ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചതായി അമൃത അധികൃതർ പറഞ്ഞു.