കൊച്ചി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയപാത 66ന്റെ വികസനം യാഥാർത്ഥ്യമാക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ അതിവേഗം മുന്നോട്ട്. ഇടപ്പള്ളി-മൂത്തകുന്നം പാതയുടെ നിർമ്മാണം മാർച്ച് അവസാനത്തോടെ ആരംഭിക്കും. ഇടപ്പള്ളി, ചേരാനെല്ലൂർ പ്രദേശങ്ങളിലായിരിക്കും ആദ്യം ജോലികൾ. ഈ മേഖലയിലെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായതായി. ഇടപ്പള്ളി വില്ലേജിലെ സ്ഥലമെടുപ്പ് ഈമാസം പൂർത്തിയാകും.
 കൈമാറിയത് 344.39 കോടി രൂപ
ഇടപ്പള്ളി-മൂത്തകുന്നം റീച്ചിൽ 24 കിലോമീറ്റർ റോഡ് ആറുവരിയാക്കാനായി ഏറ്റെടുക്കുന്ന 30.47 ഹെക്ടർ ഭൂമിയിൽ 5.31 ഹെക്ടറിന്റെ നഷ്ടപരിഹാരമായി ഇതിനകം 344.39 കോടി രൂപ കൈമാറി. 1,139.93 കോടി രൂപയാണ് സ്ഥലമെടുപ്പിനായി ദേശീയപാത അതോറിറ്റി അനുവദിച്ചത്. ഭൂരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറയ്ക്കാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇടപ്പള്ളി നോർത്ത് വില്ലേജിൽ കാറ്റഗറി എയിൽ വരുന്ന ഭൂമിക്കാണ് ഏറ്റവും കൂടിയ തുക നഷ്ടപരിഹാരമായി ലഭിച്ചത്.
 ഏറ്റവും കൂടുതൽ ചേരാനെല്ലൂരിൽ
ദേശീയപാത 66 വികസനത്തിന് ഏറ്റവുമധികം ഭൂമി ഏറ്റെടുത്തത് ചേരാനെല്ലൂർ വില്ലേജിലാണ്; 1.42 ഹെക്ടർ. ഇടപ്പള്ളി വില്ലേജിൽ 1.39 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു.
വികസനത്തിന്റെ പാത
ഇടപ്പള്ളി നോർത്ത്, ചേരാനെല്ലൂർ, വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂർ, വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലൂടെ പോകുന്ന ദേശീയപാത 66, ഈ പ്രദേശങ്ങളുടെ സുസ്ഥിരവികസനത്തിലും ഗതാഗത സംവിധാനത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
നിലവിൽ 10 മീറ്ററാണ് ദേശീയപാതയുടെ വീതി. വർഷങ്ങൾക്ക് മുമ്പ് 30 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്തോട് ചേർന്ന് കൂടുതൽ സ്ഥലം ഏറ്റെടുത്ത് 45 മീറ്ററിലേയ്ക്ക് പാതയുടെ വീതി വർദ്ധിപ്പിക്കും. ഇതോടെ ദേശീയ നിലവാരത്തിലേക്ക് പാത ഉയരും.