
കൊച്ചി:നടൻ ദിലീപും കൂട്ടരും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് ദൃക്സാക്ഷിയുള്ള ഗൂഢാലോചനക്കേസാണെന്നും സംവിധായകൻ ബാലചന്ദ്രകുമാർ വിശ്വാസയോഗ്യനായ സാക്ഷിയാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
മുൻകൂർ ജാമ്യംതേടി ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയിൽ ഇന്നലെ മറുവാദത്തിനിടെയാണ് പ്രോസിക്യൂഷനുവേണ്ടി ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി ഇക്കാര്യം വ്യക്തമാക്കിയത്. ബാലചന്ദ്രകുമാറിന്റെ മൊഴികൾ വസ്തുതാപരവും സ്ഥിരതയുള്ളതുമാണ്. ചെറിയ ചില വൈരുദ്ധ്യങ്ങളുടെ പേരിൽ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ല. സമാനതകളില്ലാത്ത കേസാണിതെന്നും പ്രതികൾക്ക് മുൻകൂർജാമ്യം അനുവദിക്കുന്നത് പൊതുജനങ്ങൾക്ക് നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
യുവനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽനിന്ന് കണ്ടെടുത്തെന്ന തരത്തിൽ വ്യാജമായി തെളിവുകളുണ്ടാക്കാനാണ് അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കെ. രാമൻപിള്ള വാദിച്ചു. ഇരുകക്ഷികളുടെയും വാദങ്ങൾ പൂർത്തിയായതോടെ ജസ്റ്റിസ് പി. ഗോപിനാഥ് മുൻകൂർ ജാമ്യഹർജികൾ തിങ്കളാഴ്ച രാവിലെ 10.15ന് വിധിപറയാൻ മാറ്റി.
 ദിലീപിന്റെ ഫോണുകൾ
ഫോറൻസിക് ലാബിൽ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് കൈമാറിയ ആറ് ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലെത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് സീൽ ചെയ്ത കവറിൽ ഫോണുകൾ പൊലീസ് ആസ്ഥാനത്തെ ലാബിൽ എത്തിച്ചത്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ ആലുവ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. ഫോണുകൾ അൺലോക്ക് ചെയ്യാൻ ദിലീപടക്കം കൈമാറിയ പാറ്റേണുകളും പാസ്വേർഡുകളും ലാബിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെയും നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റാനുള്ള നീക്കങ്ങളുടെയും തെളിവുകൾ ഈ ഫോണുകളിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ശബ്ദ പരിശോധനയ്ക്ക് 
അനുമതി
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള മൂന്നുപ്രതികളുടെ ശബ്ദപരിശോധനയ്ക്ക് ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. ഒന്നാം പ്രതി ദിലീപ്, രണ്ടാം പ്രതി അനൂപ്, നാലാം പ്രതി അപ്പു എന്നിവർക്കാണ് കോടതി നോട്ടീസയച്ചിരുന്നത്. തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരായ പ്രതികളുടെ അഭിഭാഷകൻ തിങ്കളാഴ്ചയ്ക്കുശേഷം എപ്പോൾ വേണമെങ്കിലും ശബ്ദപരിശോധന നടത്താൻ സന്നദ്ധമാണെന്ന് അറിയിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദപരിശോധന.
ബൈജു പൗലോസിനെ തട്ടാൻ
ദി ട്രൂത്ത് മോഡൽ പദ്ധതി
 
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസിനെ വകവരുത്താൻ എട്ടാംപ്രതി ദിലീപ് പദ്ധതിയിട്ടത് ദി ട്രൂത്ത് എന്ന മമ്മൂട്ടി സിനിമയെ അനുകരിച്ചെന്ന് പൊലീസ്.
2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ദിലീപ് സഹോദരൻ അനൂപിന് നൽകിയ നിർദ്ദേശത്തിലാണ് ട്രൂത്ത് സിനിമയുടെ ഇതിവൃത്തത്തിന് സമാനമായി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തണമെന്ന് പറയുന്നത്.സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസാമ്പിളിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ രീതിയിലാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ബാലചന്ദ്രകുമാറും മൊഴി നൽകിയിട്ടുണ്ട്.
പത്മസരോവരത്തിന് പുറമേ, എറണാകുളം രവിപുരത്തെ മേത്തർ അപ്പാർട്ട്മെന്റിലും ഓടുന്ന കാറിലുമാണ് ഗൂഢാലോചന നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് കാറിലെ ഗൂഢാലോചനയിൽ ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ബൈജു കെ. പൗലോസിനോട് സാറും കുടുംബവും സുഖമായി കഴിയുകയാണല്ലേയെന്നും ദിലീപ് പറഞ്ഞിരുന്നു.പ്രതികളുടെ ശബ്ദപരിശോധന തിങ്കളാഴ്ചയ്ക്കുശേഷം നടത്തും. അതേസമയം, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയെന്ന് സംശയിക്കുന്ന വി.ഐ.പി ശരത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകും. ഒരുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. 
 മുൻകൂർജാമ്യം തേടിയിരിക്കുകയാണ് ശരത്ത്. തിങ്കളാഴ്ച വിധി വന്നശേഷമായിരിക്കും നോട്ടീസ് നൽകുക.
ദി ട്രൂത്ത്
എസ്.എൻ. സ്വാമി തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1998ൽ ഇറങ്ങിയ ചിത്രമാണ് ദി ട്രൂത്ത്. വൈരാഗ്യമുള്ള ഡിവൈ.എസ്.പിയെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ സ്ഫോടനം നടത്തി വകവരുത്തി അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാൻ പ്രതികൾ നടത്തുന്ന ആസൂത്രണമാണ് കഥ. പ്രത്യേകസെൽ അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്ന മമ്മൂട്ടി പ്രതികളെ പിടികൂടുന്നതാണ് ക്ലൈമാക്സ്.
ദിലീപും നല്ല നടൻ
നല്ല സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രകുമാർ ശബ്ദരേഖ വ്യാജമായി നിർമ്മിച്ചതാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം തള്ളി ബാലചന്ദ്രകുമാർ. താൻ റെക്കാഡ് ചെയ്ത ശബ്ദരേഖ എഡിറ്റ് ചെയ്തിട്ടില്ല. ചെറുതും വലതുമായ ഫയലുകളുണ്ട്. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ദിലീപ് നല്ല നടനും നിർമ്മാതാവുമാണ്. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം അഭിനയിച്ച് കേസ് വഴിതിരിച്ച് വിടുന്നതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.