
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട് നടത്തുന്നത് സംബന്ധിച്ച 'കേരളകൗമുദി" വാർത്തയെത്തുടർന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടി. ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറുമായി മന്ത്രി ഇന്നലെ ഫോണിൽ സംസാരിച്ചു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രി കർശനനിർദ്ദേശം നൽകി.
മറ്റു ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന, പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
12 നമസ്കാരം എന്ന പേരിൽ 12 ബ്രാഹ്മണരെ കാൽകഴുകിച്ചൂട്ടി ഭക്ഷണവും ദക്ഷിണയും വസ്ത്രവും നൽകുന്ന ക്ഷേത്രത്തിലെ 20,000 രൂപയുടെ വഴിപാടിനെക്കുറിച്ച് ഇന്നലെയാണ് 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചത്.
മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് അന്വേഷണം നടത്തി ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് നടപടിയെടുക്കുമെന്ന് കൊച്ചിൻ ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ജാതി വിവേചനം സംബന്ധിച്ച മറ്റു പരാതികളും അന്വേഷിക്കും.
ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങായതിനാലും നൂറ്റാണ്ടുകളായി തുടരുന്ന ആചാരമായതിനാലും കാൽകഴുകിച്ചൂട്ട് തുടരണമെന്നാണ് അഭിപ്രായമെന്ന് ശ്രീപൂർണത്രയീശ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പ്രകാശ് അയ്യർ പറഞ്ഞു.