മൂവാറ്റുപുഴ: രാത്രിയുടെ മറവിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് ഭരണസമതിയുടെ മൗനാനുവാദത്തോടെ മൂങ്ങാച്ചാൽ കോളനിയിൽ തള്ളിയ മാലിന്യം കോരി മാറ്റണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ആവശ്യപ്പെട്ടു. മൂങ്ങാച്ചാൽ കോളനിയിലെത്തിയ ഏരിയ സെക്രട്ടറി കോളനിവാസികളുമായി സംസാരിച്ചശേഷം മാലിന്യം തള്ളിയ കോളനിയിലെ പാറമടയും സന്ദർശിച്ചു. വളരെനാളുകളായി നിർത്തിയിട്ടിരിക്കുകയായിരുന്ന പാറക്കുഴിയിലെ വെള്ളം അടുത്തനാളിൽ വറ്റിച്ചിരുന്നു. വെള്ളം വറ്റിക്കുന്നത് പഞ്ചായത്തിന്റെ മാലിന്യം നിക്ഷേപിക്കുവാനാണെന്ന് കോളനി വാസികൾ അറിഞ്ഞിരുന്നില്ല.

കോളനിയിലെ ആളൊഴിഞ്ഞ പ്രദേശത്താണ് പാറക്കുഴി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചേ ഏകദേശം 3 മണിയോടെയാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയത്. പായിപ്ര പഞ്ചായത്തിലെ പല പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് കൈയ്യോടെ പിടികൂടുകയും ഇട്ടവരെ കൊണ്ട് തന്നെ മാലിന്യം വാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഇവിടെ മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയത്. നിരവധി ടിപ്പറുകളിലായി നൂറുകണക്കിന് ചാക്ക് മാലിന്യമാണ് കൊണ്ടുവന്ന് തള്ളിയത്. ആശുപത്രി മാലിന്യം , അറവുമാലിന്യം , ഹോട്ടൽ മാലിന്യം, കക്കൂസ് മാലിന്യമുൾപ്പെടെയുണ്ട്. ചീഞ്ഞളിഞ്ഞ അറവുമാലിന്യത്തിൽ നിന്നും ഇൗച്ചയും കൊതുകും പരിസരമാകെ വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായപ്പോൾ വാർഡ് അംഗം മാലിന്യം നീക്കം ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നീക്കം ചെയ്തിട്ടില്ല. പഞ്ചായത്ത് അംഗത്തിന്റെയും ഭരണസമതിയുടെയും ഒത്തുകളി അവസാനിപ്പിച്ച് തള്ളിയ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.ഘോഷ്, എം.ആർ. ബിനു, എ.എം. പരീത്, എം.ആർ. വിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.