sajeevan
സജീവൻ

കൊച്ചി: റവന്യൂ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ ഒടുവിലെ ഇരയാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്ത എറണാകുളം വടക്കേക്കര പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കോയിക്കൽ സജീവൻ (57). ഭൂമി തരംമാറ്റുന്നതിനായി കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടെ സജീവൻ മുട്ടാത്ത വാതിലുകളില്ല. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസി​ലും അധികം കാലതാമസമുണ്ടായില്ല. ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലെത്തിയ ഫയൽ പിന്നെ അനങ്ങിയില്ല.

• കരകയറാനാവാതെ
സജീവന് 4 സെന്റ് ഭൂമിയും വീടും മാത്രമാണുള്ളത്. പെയിന്റിംഗ്, വെൽഡിംഗ് തൊഴിലാളി ആയിരുന്ന മകൻ നിഥിൻദേവ് ജോലിക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ് നാളുകളായി ചികിത്സയിലാണ്. മകന്റെ ചികിത്സ, മകളുടെ വിവാഹം, വീടിന്റെ അറ്റകുറ്റപ്പണികൾ എന്നിവയൊക്കെ സജീവനെ സാമ്പത്തികമായി തളർത്തി. ചിട്ടിക്കമ്പനിയിൽ പണയത്തിലിരുന്ന വീടിന്റെ ആധാരം പലരിൽനിന്ന് കടംവാങ്ങി തിരിച്ചെടുത്ത് കൂടുതൽ തുകയ്ക്ക് ബാങ്കിൽ പണയംവച്ച് ബാദ്ധ്യതകൾ തീർക്കാനുള്ള ഓട്ടത്തിലായിരുന്നു സജീവൻ.

കെടുകാര്യസ്ഥതയുടെ കൂത്തരങ്ങ്

അഴിമതി, കൈക്കൂലി, ഫയൽ വൈകിപ്പിക്കൽ എന്നിവയ്ക്ക് കുപ്രസിദ്ധമാണ് ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസ്. ആരോപണങ്ങൾ പെരുകിയപ്പോൾ 25 ഉദ്യോഗസ്ഥരെ കഴിഞ്ഞ ആഗസ്റ്റിൽ ഒറ്റയടിക്ക് സ്ഥലംമാറ്റി. 15 വർഷത്തി​ലേറെ ഇതേ ഓഫീസി​ൽ പ്രവർത്തി​ച്ചവരായി​രുന്നു ഏറെയും. ഇവരിൽ പകുതിയോളം വൈകാതെ തിരികെയെത്തി. സ്ഥലംമാറ്റത്തി​ന് തടയി​ടാൻ ഭരണകക്ഷി​ യൂണി​യനുകളും പാർട്ടി​ നേതൃത്വങ്ങളും രംഗത്തുണ്ടായി​രുന്നു.

ഭൂമിതരംമാറ്റൽ, പോക്കുവരവ് തുടങ്ങി ആയിരക്കണക്കിന് അപേക്ഷകൾ ആർ.ഡി​.ഒ ഓഫീസി​ൽ കെട്ടിക്കിടക്കുന്നുണ്ട്. അപേക്ഷകൾ നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനിൽ എത്തി​ക്കുന്നതിനുവരെ ആയിരങ്ങൾ കൈക്കൂലി നൽകണം.

കാലതാമസമുണ്ടായില്ലെന്ന് വിശദീകരണം

സജീവന്റെ ഭൂമി തരംമാറ്റ അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഫീസ് അടയ്ക്കാൻ സജീവന് നിർദ്ദേശം നൽകിയെങ്കിലും പ്രതികരിച്ചില്ല. ഫീസിളവിനും അപേക്ഷിച്ചി​ല്ല. അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാലാണ് അദാലത്തുകളിൽ ഉൾപ്പെടാതിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

• ആത്മഹത്യ ചെയ്തത് ഗതി​കെട്ട്

ഓരോ ഓഫീസുകളിലും പല കാരണങ്ങൾ പറഞ്ഞ് അപേക്ഷ മാറ്റിവച്ചു. ആർ.ഡി.ഒ ഓഫീസിലായി​രുന്നു പ്രധാന തടസം. ഫയൽ തിരികെ വില്ലേജ് ഓഫീസിലേക്ക് വരേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല.

ഫയൽ തീർപ്പാക്കൽ അദാലത്തി​ൽ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ആർ.ഡി.ഒ ഓഫീസിലെത്തി ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു.

വർഷ (മരുമകൾ)